24/08/2024
നന്ദി.! വീണ്ടും വരിക.!!
കൺനിറയെ വയനാട് കണ്ട് ചുരമിറങ്ങുന്ന ഓരോ യാത്രക്കാരനോടും ഈ നാട് അവസാനമായി പറഞ്ഞു വെക്കുന്ന വാക്കുകളാണിത്.
ഇത് വെറുമൊരു യാത്രാ മൊഴിയായിരുന്നില്ല പ്രിയപ്പെട്ടവരേ.
നിങ്ങളെല്ലാം ഇനിയും ഈ നാട് കാണാൻ വരണം.
ഉരുൾപൊട്ടലുണ്ടായ ദുരന്ത ഭൂമിയിലെ കണ്ണീർ കാഴ്ചകൾ കാണാനല്ല.
മഞ്ഞും മഴയും പെയ്തിറങ്ങി പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന അതി മനോഹരമായ ഭൂമിക കാണാൻ.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിങ്ങളുടെ കുടുംബങ്ങളോടൊപ്പം ഒഴിവു സമയങ്ങൾ ആസ്വദിക്കാൻ.
വയനാടൻ തനിമയുള്ള വിഭവങ്ങൾ കൈമാറ്റം ചെയ്യപ്പെടാൻ.
എല്ലാത്തിലുമുപരി മാനസികമായി തകർന്നു പോയൊരു ജനതയെ കൈ പിടിച്ചുയർത്താൻ നിങ്ങളിനിയും ഈ മാമല നാട്ടിലേക്ക് വിരുന്നു വരണം..!!
അപേക്ഷാ സ്വരത്തിൽ ഇക്കാര്യം പറയാൻ കാരണമുണ്ട്.
കുടുംബ സമേതം കോഴിക്കോട് താമസമാക്കിയ ശേഷം വയനാട്ടിൽ പോയി വരുമ്പോഴെല്ലാം ലക്കിടി മുതലങ്ങോട്ടുള്ള ദേശീയ പാതയോരം ആയിരക്കണക്കിന് മനുഷ്യരെ കൊണ്ട് സജീവമായൊരു പ്രദേശമായേ ഇത് വരെ കണ്ടിട്ടുള്ളു.
ചങ്ങലമരവും പലവിധ പാർക്കുകളും റോപ് വേകളും
ചെറുകിട കച്ചവടക്കാരും വലിയ ഭക്ഷണ ശാലകളുമൊക്കെയായി ശബ്ദ മുഖരിതമായൊരു അന്തരീക്ഷം..
ഈയൊരു കാഴ്ചകൾ തന്നെയാണ് വിനോദ സഞ്ചാരികളെത്തുന്ന വയനാട്ടിലെ മറ്റു പ്രദേശങ്ങളിലെല്ലാം ഉണ്ടായിരുന്നത് .
എന്നാൽ നാടിന്റെ നെഞ്ചു തകർത്ത ഉരുൾപൊട്ടലിനു ശേഷം രണ്ടാഴ്ച മുൻപ് ചുരം കയറിയപ്പോൾ കണ്ടത് വല്ലാത്ത സങ്കടക്കാഴ്ച തന്നെയായിരുന്നു.
മരണ വീട്ടിലേക്ക് കയറിയ പോലെ ലക്കിടി മുതൽ എന്റെ വീട് വരെ..
ആളും ആരവങ്ങളുമില്ലാത്തൊരു വീഥി.,
പല വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു.
പൂക്കോടും വൈത്തിരിയും കൽപ്പറ്റയുമെല്ലാം ഹർത്താൽ പ്രതീതിയിൽ ജീവനറ്റ അങ്ങാടികളായി പരിണമിച്ചു.
അന്വേഷിച്ചപ്പോള്‍ വയനാട് ജില്ല മൊത്തത്തില്‍ ഈയൊരു മൂകത തന്നെയാണെന്നറിഞ്ഞു.
നാളുകൾ കുറെ കഴിഞ്ഞെങ്കിലും ഇപ്പോഴും ആ നാടുകളിലും വഴിയോരങ്ങളിലും ആളുകളില്ല. ആരവങ്ങളുമില്ല.. !
സ്വത്തും സമ്പാദ്യവും രക്തബന്ധങ്ങളും നഷ്ടമായി ദുരന്തഭൂമിയിൽ അവശേഷിച്ച മനുഷ്യരെ ചേർത്ത് പിടിക്കാൻ സർക്കാരും സന്നദ്ധ സംഘടനകളും പലവിധ പദ്ധതികളുമായി മുന്നിട്ടിറങ്ങിയത് സന്തോഷം തന്നെ.
എന്നാൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കാർഷിക, പ്രവാസ, ഉദ്യോഗ മേഖലകളേക്കാളും കൂടുതൽ വയനാടിന്റെ സാമ്പത്തിക രംഗത്തിനു ഏറ്റവും ഉണർവ്വ് കിട്ടിക്കൊണ്ടിരുന്നത് വിനോദ സഞ്ചാര മേഖലയിൽ നിന്നാണെന്നു മനസ്സിലാക്കുന്നു.
റോഡരികത്ത് ഉപ്പിലിട്ടത് വിൽക്കുന്ന ഉന്തുവണ്ടി കച്ചവടക്കാരൻ മുതൽ സ്റ്റാർ ഫെസിലിറ്റിയുള്ള ഹോട്ടലുകൾ വരെ ജീവിച്ചിരുന്നത് എന്റെ നാട് കാണാൻ വന്നിരുന്ന സഞ്ചാരികളെ ആശ്രയിച്ചാണെന്ന് വ്യാപാരികളുടെ സംഘടന കണക്കുകൾ നിരത്തി പറയുന്നു.
വയനാടിനെ അടയാളപ്പെടുത്തുന്ന കാർഷിക മേഖല മുതൽ നാടിന്റെ നാനാവിധ മേഖലകളിലെ ക്രയവിക്രയങ്ങളെല്ലാം സഞ്ചാരികളെ ആശ്രയിച്ചായി മാറിയിട്ട് അൽപ കാലമായി.
ഏകദേശം 15000- ൽ പരം വ്യാപാര സ്ഥാപനങ്ങൾ മാത്രം വയനാട്ടിലുണ്ട്. അതിന്റെ 75% ഉപഭോക്താക്കളും മറുനാട്ടിലെ മനുഷ്യരായിരുന്നു. അവർ നടത്തിയ വ്യവഹാരങ്ങളാണ് ആ സ്ഥാപനങ്ങളെയും ജീവനക്കാരെയും അതിന്റെ ആശ്രിതരേയും ഈ നാട്ടിൽ ജീവിക്കാൻ പ്രേരിപ്പിച്ചത്.
എന്റെ ജന്മനാടായ കാക്കവയലിന്‍റെ തൊട്ടടുത്തുള്ള കാരാപ്പുഴ ഡാം കാണാനും അവിടുത്തെ റൈഡുകളാസ്വദിക്കാനും ദിനംപ്രതി 1000-1500 നിടയിൽ ആളുകൾ വന്നിരുന്നു.
ദുരന്തത്തിന് ശേഷം ഇപ്പോളവിടെ ശരാശരി 100 -ൽ താഴെ ടിക്കറ്റുകൾ മാത്രമാണത്രെ ദിവസവും മുറിക്കുന്നത്. ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്ന മറ്റു ടൂറിസ്റ്റ് സ്പോട്ടുകളുടേയുമെല്ലാം അവസ്ഥ ഇതൊക്കെ തന്നെയാണെന്ന് ആ മേഖലയിൽ സജീവമായവർ സാക്ഷ്യപ്പെടുത്തുന്നു.
പ്രിയപ്പെട്ടവരേ....
അതി ഭീകരമാണ് വയനാടിന്റെ ഇപ്പോഴത്തെ നേർക്കാഴ്ച.!!
മുൻപത്തെ പോലെ സഞ്ചാരികൾ കൂട്ടമായി വന്ന്
നാടിന്റെ നാഡീ ഞരമ്പുകളിൽ കൂടി തലങ്ങും വിലങ്ങും യാത്ര ചെയ്ത് മാനസികമായി തളർന്നു പോയ,
സാമ്പത്തികമായി തകർന്നും പോകുന്നൊരു ജനതയെ കൈപിടിച്ചുയർത്തണം.
ഞങ്ങൾക്കിനി വേണ്ടത് സഹതാപമല്ല.......
സഹകരണമാണ്.! സന്തോഷങ്ങളാണ്..!!
നിങ്ങളുടെ വിനോദ സമയങ്ങള്‍ ചിലവഴിക്കുന്ന സ്വര്‍ഗ്ഗഭൂമികയാണ്....!!!
വയനാടിന്റെ വിവിധ മേഖലകളിൽ ചിലവഴിക്കുന്ന നിങ്ങളുടെ സമ്പത്തും സമയവുമെല്ലാം ഒരുകണക്കിന് പല ദുരിതാശ്വാസ നിധികളിലേക്കുള്ള സംഭാവന പോലെ തന്നെയായിരിക്കും.
ടൂറിസം മേഖലയെ ആശ്രയിച്ച് പല ബിസിനസുകള്‍ ചെയ്യുന്ന
പതിനായിരക്കണക്കിന് മനുഷ്യരുടേയും അവരുടെ കുടുംബത്തിന്‍റേയും ജീവിത ചുറ്റുപാടുകളെല്ലാം മാറണം.
ഒരു മരണ വീട്ടിലെ പരേതന്റെ ആശ്രിതരെ ഒരുപാട് നാളുകൾക്ക് ശേഷം പോയി കാണുന്ന സ്വന്തക്കാരെ പോലെ നിങ്ങളിനിയും ഈ മണ്ണിൽ വരണം.
ഇവിടുന്ന് ഉടുക്കണം, ഉണ്ണണം, ഉറങ്ങണം...
ഇവിടുത്തെ സാമ്പത്തിക സ്രോതസ്സുകളെ പുനഃജീവിപ്പിക്കണം..
എന്നാലെ ദുരന്തം വിതച്ച മാനസിക/ ശാരീരിക ആഘാതത്തിൽ നിന്നും വയനാടൻ ജനത പൂർണ്ണമായും രക്ഷപ്പെടുകയുള്ളു..
സഞ്ചാരികളെ കാത്ത് അണിഞ്ഞൊരുങ്ങി തന്നെയാണ് ഈ ഹരിതാഭ ഭൂമി ഇപ്പോഴുമുള്ളത്.
ഒരാഴ്ച മുന്‍പ് ഞാന്‍ പകര്‍ത്തിയ കുളിർ മഞ്ഞു പെയ്യുന്ന ഈ ചിത്രം സാക്ഷി.. ! ഇനിയുള്ള നാളുകളിൽ ഓരോ വിരുന്നിനു ശേഷവും ചുരമിറങ്ങുന്ന നിങ്ങളുടെയും കുടുംബങ്ങളുടെയും മനസ്സ് കുളിർക്കുന്ന അനുഭവങ്ങൾ മാത്രമായിരിക്കട്ടെ......!!!
ഏകദേശം അൻപതോളം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇക്കോ ടൂറിസം മേഖലയിൽപെട്ട കുറുവ ദ്വീപ്, എടക്കൽ ഗുഹ, ചെമ്പ്ര പീക്, എൻ ഊര്, മുത്തങ്ങ / തോൽപ്പെട്ടി കേന്ദ്രങ്ങളൊന്നും ഇത് വരെ തുറന്നിട്ടില്ല. പരിസ്ഥിതി സ്നേഹികൾ നൽകിയ പരാതിയിന്മേൽ കോടതി ഉത്തരവ് കാത്തിരിക്കുകയാണ് ഇവിടങ്ങൾ.
ചുരം വ്യൂ പോയിന്റുകൾ, കാരാപ്പുഴ/ബാണാസുര ഡാമുകൾ, പൂക്കോട് തടാകം , ഹെറിറ്റേജ് മ്യുസിയം തുടങ്ങിയ കേന്ദ്രങ്ങളും സ്വകാര്യ മേഖലയിലെ ചെറുതും വലുതുമായ നൂറിൽപരം വാട്ടർ തീം/ അഡ്വഞ്ചർ പാർക്കുകളും റിസോർട്ടുകളും സഞ്ചാരികളെ കാത്തിരിക്കുന്നു.
നിങ്ങൾക്ക് പരിചയമുള്ള ഇതര സംസ്ഥാന/രാജ്യങ്ങളിലെ മനുഷ്യരേയും കൂടെ ഇവിടം സന്ദര്‍ശിക്കാന്‍ പറയണം. അവരൊക്കെ എന്തോ വലിയ പ്രശ്ന ബാധിത പ്രദേശമായാണ് വയനാടിനെ മൊത്തത്തിൽ ഇപ്പോൾ കാണുന്നത്.
ആ കാഴ്ചപ്പാടുകൾ മാറണമെങ്കിൽ
ഈ നാടുണരണം.!
നിങ്ങളുണർത്തണം ....!!!
ടൂറിസം മേഖലയിലേക്ക് സഞ്ചാരികളെ ആകർഷിപ്പിക്കാൻ വേണ്ട സത്വര നടപടികൾ സർക്കാരും ഉദ്യോഗസ്ഥരും കൂടി സമാന്തരമായി ചെയ്യാൻ മുന്നോട്ട് വരണമെന്ന് കൂടി ഈയവസരത്തിൽ പറഞ്ഞു വെക്കട്ടെ.
ഇപ്പറഞ്ഞതെല്ലാം സ്വന്തം നാടിന് വേണ്ടിയാണ്,
പരമാവധി നാട്ടുകാരിലേക്ക് എത്തിക്കാന്‍ സന്മനസ് കാണിക്കുമല്ലോ.
© Yasar Ali Wayanad