20/11/2022
#വീണ്ടും_ഇല്ലിക്കൽ_കല്ലിലേക്ക്..🏔⛰
വീട്ടിലിരുന്ന് മടുത്ത ഒരു ദിവസം പെട്ടെന്ന് ഉണ്ടായ ഒരു തോന്നലിൽ ആയിരുന്നു മൂന്നര മാസം പ്രായമുള്ള കുഞ്ഞാവയെയും (എലനോർ ഇസ )എടുത്ത് കൊച്ചിയിൽ നിന്നൊരു ലോങ്ങ് ഡ്രൈവിന് ഇറങ്ങിയത്. പ്രത്യേകിച്ച് ലക്ഷ്യസ്ഥാനം ഒന്നുമില്ലാത്ത ഒരു യാത്ര...... പോകുന്നവഴി ഡേകെയറിൽ നിന്ന് ആദ്യത്തെ കണ്മണി നോറബേബിയെയും (അനോറ ആഗ്നസ് )കൂടെ കൂട്ടി... പതിവ് മയക്കത്തിന്റെ സമയമായതിനാൽ വണ്ടി തോപ്പുംപടിപാലം കടക്കും മുമ്പ് കാറിൻറെ ബാക്ക്സീറ്റിൽ കുഞ്ഞുനോറ ഉറക്കം പിടിച്ചിരുന്നു. കണ്ണു തെളിഞ്ഞ് ദിവസങ്ങൾ മാത്രമായതിനാൽ കുഞ്ഞാവ തുടക്കത്തിൽ കാറിൻ്റെ ചില്ലിലൂടെ പുറംലോകം നോക്കിയിരുന്നെങ്കിലും മിനിറ്റുകൾക്കുള്ളിൽ തന്നെ കുഞ്ഞിക്കണ്ണുമടച്ച് ഉറക്കത്തിലേക്ക് പോയി. രണ്ടു കുഞ്ഞുങ്ങളെയും കൂട്ടി ആദ്യത്തെ ദൂരയാത്ര ആയതുകൊണ്ട് തന്നെ ഇത് ഞങ്ങൾക്ക് ഏറെ പുതുമയുള്ളതായിരുന്നു. ഞങ്ങൾ രണ്ടുപേരായി തുടങ്ങിയ യാത്രകളിൽ സഞ്ചാരികൾ ഇപ്പോൾ നാലായി..... ഞങ്ങളെക്കാൾ യാത്ര പോകാൻ ആവേശം ഇപ്പോൾ ഞങ്ങളുടെ കുഞ്ഞു സഞ്ചാരികൾക്കാണ്...... വണ്ടി കുണ്ടന്നൂർ എത്തിയപ്പോഴാണ് ഇല്ലിക്കൽ കല്ലിലേക്ക് പോയാലോ എന്ന് തോന്നിയത്.... നോറ കുഞ്ഞിൻ്റെയും ആദ്യ യാത്ര ഇല്ലിക്കൽ കല്ലിലേക്ക് ആയിരുന്നു... കുഞ്ഞ് ഇസയുടെ ആദ്യ യാത്രയും അവിടേക്ക് തന്നെ ആകട്ടെ എന്നായി തീരുമാനം. ഒന്നര വയസ്സുള്ള നോറ ബേബിയും ആയുള്ള ഇല്ലിക്കൽ കല്ല് യാത്ര 2019 ൽ ആയിരുന്നു അതിനു ശേഷം ഇതുവരെ കോട്ടയം ജില്ലയിലെ ഇല്ലിക്കൽ കല്ലിൽ പോകാൻ സാധിച്ചിട്ടില്ല.
ഇല്ലിക്കൽ മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു ഏകശിലാരൂപമാണ് ഇല്ലിക്കൽ കല്ല്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ല് മീനച്ചിൽ താലൂക്കിലെ മൂന്നിലവ്, തലനാട് ഗ്രാമങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. പാറയുടെ മറുഭാഗം അടർന്നുവീണതിനാൽ യഥാർത്ഥ പാറയുടെ ഒരു പകുതി മാത്രമേ അവശേഷിക്കുന്നുള്ളൂ. നിരവധി പർവത അരുവികൾ ഈ കൊടുമുടിയിൽ നിന്ന് ഉത്ഭവിച്ച് താഴേക്ക് ഒഴുകി മീനച്ചിൽ നദിയായി മാറുന്നു.
കുഞ്ഞുങ്ങൾ ഉള്ളതുകൊണ്ട് വളരെ സാവധാനത്തിൽ ആയിരുന്നു പോക്ക്... ഇല്ലിക്കൽ കല്ലിലേക്കുള്ള കയറ്റം കയറുമ്പോൾ ഇരുളടച്ചു തുടങ്ങിയിരുന്നു. ഏകദേശം അഞ്ചരയോടു കൂടി ഞങ്ങൾ ഇല്ലിക്കൽ കല്ലിൻ്റ പാർക്കിംഗ് ഏരിയയിൽ എത്തി. താഴെ റോഡിൽ നിന്ന് വരുമ്പോൾ അത്യാവശ്യം നല്ല രീതിയിൽ ഇരുട്ട് വീണിരുന്നെങ്കിലും മലയുടെ അടിവാരം സന്ധ്യ മയങ്ങുമ്പോൾ മാത്രമുള്ള പ്രത്യേകതരം മഞ്ഞ വെളിച്ചത്തിൽ തിളങ്ങി നിന്നിരുന്നു. ഇത്രയും വൈകിയത് കൊണ്ട് തന്നെ തികച്ചും വിജനമായിരുന്നു അവിടം. യാത്ര കഴിഞ്ഞു മടങ്ങുന്ന ഒന്ന് രണ്ട് ബൈക്കർമാരും അവിടെയുള്ള പെട്ടിക്കടകളുടെ നടത്തിപ്പുകാരും അങ്ങനെ വിരലിൽ എണ്ണാൻ മാത്രമുള്ളവർ മാത്രം... യാത്രക്കാർ അവസാനിച്ചതിനാൽ പെട്ടിക്കടഒക്കെ അടച്ചു തുടങ്ങിയിരുന്നു... ഇല്ലിക്കൽ കല്ലിലേക്കുള്ള സഞ്ചാര പാതയും പൂട്ടിയിരുന്നു. എല്ലാവരും ഒരു ദിവസം അവസാനിച്ചതിന്റെ ആലസ്യത്തിൽ ആണെന്ന് തോന്നി... മുകളിലേക്ക് പോകാൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങളും ലോങ്ങ് ഡ്രൈവിംഗ് ആസ്വദിച്ച സന്തോഷത്തിൽ തന്നെയായിരുന്നു. പൂട്ടിക്കൊണ്ടിരുന്ന അടിവാരത്തെ ചായക്കടയിൽ രണ്ട് കട്ടൻകാപ്പിയും പറഞ്ഞു, ചെറുതായി വീശുന്ന കാറ്റിൽ കുഞ്ഞാവയെ അടക്കിപ്പിടിച്ച് ചുറ്റുമുള്ള മലനിരകളിലേക്ക് കണ്ണോടിച്ചു നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ് വണ്ടി അവിടെ എത്തിയത്. എന്തോ ആവശ്യത്തിന് എത്തിയ ഒരു കൂട്ടം ഉദ്യോഗസ്ഥർ. കാപ്പി കുടിച്ചു കൊണ്ടിരുന്ന ഞങ്ങളോട് വാച്ച്മാൻ പെട്ടെന്നാണ് മുകളിലേക്ക് വരുന്നുണ്ടോ എന്ന് അന്വേഷിച്ചത്. ഊതി ഊതി ആസ്വദിച്ചു കുടിച്ചു കൊണ്ടിരുന്ന കട്ടൻകാപ്പി ഒറ്റ വലിക്ക് കുടിച്ചു തീർത്തു രണ്ട് പിള്ളേരേയും എടുത്ത് ഓടി ചെന്ന് ടിക്കറ്റ് എടുത്തപ്പോഴേക്കും എവിടെ നിന്നോ മുകളിലേക്ക് പോകാനുള്ള ജീപ്പും എത്തി. രണ്ട് കുഞ്ഞുങ്ങളെയും കൂട്ടി ജീപ്പിൻറെ ബാക്ക് സീറ്റിൽ ഇരുന്ന് മുകളിലേക്ക്...... മഞ്ഞ വെളിച്ചത്തിൽ പുകമഞ്ഞിറങ്ങിവരുന്ന മലനിരകൾ കണ്ടൊരു മനോഹരമായ യാത്ര..... മുകളിൽ ചെന്നെത്തുമ്പോൾ അസ്തമയം കഴിയാറായിരുന്നു....ഇല്ലിക്കൽ കല്ല് അകെ മാറിപ്പോയി. പുരോഗമനം വന്നെന്ന് പറയാം. മുകളിലേക്ക് കയറാൻ ഹാൻഡ് റെയിലുകളും താഴെയിരുന്ന് കാഴ്ചകൾ ആസ്വദിക്കാൻ ഇരിപ്പടങ്ങളും ഒക്കെ ആയി കുറച്ചുകൂടെ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ആയി. വർഷങ്ങൾക്കു മുമ്പ് നോറകുഞ്ഞിനെയും കയ്യിൽ എടുത്ത് കാട്ടുപുല്ലില്‍ പിടിച്ച് തൂങ്ങി സാഹസികമായി കയറിയ മലയിലേക്ക് ഞങ്ങളുടെ ഒപ്പം വന്നവർ പുതുതായി പിടിപ്പിച്ച സ്റ്റീലിൻ്റെ ഹാൻഡ് റെയിലിൽ പിടിച്ച് അനായാസമായി കയറുന്നതും നോക്കി ഞങ്ങൾ നിന്നു. സൂര്യൻറെ ചുവന്ന കിരണങ്ങളിൽ ഏറെ മനോഹരമായ കാഴ്ചകളിലൂടെ കുഞ്ഞാവയുടെ തിളങ്ങുന്ന മുന്തിരി കണ്ണുകൾ ഓടി നടക്കുന്നുണ്ടായിരുന്നു. . മുകളിലെ കഠിനമായ തണുപ്പിലേക്ക് കുഞ്ഞാവയും കൊണ്ട് പോകാതെ താഴെ തയ്യാറാക്കിയിരുന്ന ഇരിപ്പിടത്തിൽ ഞങ്ങൾ കുഞ്ഞുങ്ങളെയും കൊണ്ടിരുന്നു. ഒട്ടും തിരക്കില്ലാതെ... ആരുടെയും ശല്യം ഇല്ലാതെ... ഞങ്ങൾ നാലുപേരും മാത്രമായി കുറേ ഏറെ നേരം. അതിനു ശേഷം ആ സായാഹ്ന്നത്തിൻ്റെ സ്വപന തുല്യമായ സൗന്ദര്യവും ആസ്വദിച്ച് ഞങ്ങൾ തിരിച്ചു പോന്നു.