18/06/2026
#ഗൗരി_28
ദീപുവിന്റെ മനസ്സിൽ ഇപ്പോൾ ആറാട്ടിന് കൊടിയേറിയിരിക്കുകയാണ്. തിടമ്പേറ്റിയ നൂറ്റൊന്ന് ആനകളും അമ്പാരിയും പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവുമൊക്കെയായി ഉള്ളിൽ ഒരു തൃശൂർ പൂരം തന്നെ നടക്കുകയാണ്!
തന്റെ ജന്മദിനമായിരുന്നു അത്. അമ്പത്തഞ്ചു വർഷത്തെ ജീവിതത്തിനിടയിൽ ഒരിക്കൽപോലും അനുഭവിച്ചിട്ടില്ലാത്ത, അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു ജന്മദിന സമ്മാനം ലഭിച്ച ദിനം!
നൂറ്റാണ്ടുകളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരപൂർവ്വ പ്രതിഭാസം പോലെയാണ് ദീപുവിന് അന്ന് അരങ്ങേറിയ സംഭവ വികാസങ്ങൾ വിശകലനം ചെയ്തപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത്.
അത്ഭുതം വേറൊന്നുമല്ല, സാധാരണയായി ക്ഷേത്രത്തിൽ പോകുമ്പോഴെല്ലാം രജനി, ദീപുവിനോടൊപ്പമാണ് പോകാറുള്ളത്. രജനിയുടെ ഒരു കാര്യവും ഒരിക്കൽപോലും ദീപു മക്കളെ ഏൽപ്പിക്കാറില്ല, രജനിക്കും അതുതന്നെയായിരുന്നു ഇഷ്ടം. എന്നാൽ ഇന്ന്, മകൾക്കും കൂടി ക്ഷേത്രത്തിൽ പോകണമെന്ന് നിർബന്ധം പറയുകയും, രാത്രി വൈകിയും കഥ എഴുതിയ തനിക്ക്, വല്ലാത്തൊരു മടി തോന്നുകയും ചെയ്തു. അങ്ങനെ വളരെ അപൂർവ്വമായി മാത്രം സംഭവിക്കാറുള്ളതുപോലെ വീട്ടിനുള്ളിൽ ഉണ്ടാവാറുള്ള രജനി പുറത്തും മിക്കപ്പോഴും പുറത്തു തന്നെ ഉണ്ടാവാറുള്ള ദീപു വീട്ടിൽ തനിച്ചാവുകയും ചെയ്തു.
അതേ സമയത്തുതന്നെ, തന്റെ കൗമാര പ്രണയത്തിലെ നായികയായിരുന്നവൾ ഫോൺ നമ്പർ തേടിപ്പിടിച്ച് തന്നെ വിളിക്കുന്നു...!
ഓർക്കുമ്പോൾ ദീപുവിന് ഇപ്പോഴും വല്ലാത്തൊരു അതിശയം തോന്നുന്നുണ്ട്.
46 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന രണ്ട് കമിതാക്കൾക്ക് വേണ്ട സ്വകാര്യത നേരിട്ട് ദൈവമോ വിധിയോ അതോ മറ്റെന്തെങ്കിലും അദൃശ്യശക്തിയോ ഒരുക്കിത്തന്ന ഒരു മഹാഭാഗ്യമായിരുന്നു ആ സാഹചര്യം.
ഒരുപക്ഷേ... രജനിയും മകളും വീട്ടിലുള്ള ഒരു സമയത്താണ് ആ ഫോൺ കോൾ വന്നിരുന്നതെങ്കിൽ, ദീപു എന്ത് പറയണം എങ്ങനെ പറയണം എന്നറിയാതെ ആശയക്കുഴപ്പത്തിൽ കുരുങ്ങി, നാല് പതിറ്റാണ്ടുകൾക്ക് ശേഷം ലഭ്യമായ ആ പുണ്യ നിമിഷത്തെ അതിന്റെ സകല സൗന്ദര്യത്തോടും കൂടി അവന് നെഞ്ചേറ്റാൻ കഴിയാതെ പോകുമായിരുന്നു.
ഗൗരിയുടെ പ്രണയത്തെ പൂർണ്ണമായ സ്വാതന്ത്ര്യത്തോടെ ദീപുവിന് സമ്മാനിക്കാൻ കാലം കാത്തുവെച്ച നിമിഷമായിരുന്നു അത്!
അന്ന് അവളുടെ ഒരു പുഞ്ചിരിക്കു വേണ്ടി, ഒരു നോട്ടത്തിനു വേണ്ടി, ചുണ്ടിൽ നിന്നടരുന്ന ഒരു വാക്ക് കേൾക്കാൻ വേണ്ടി താൻ വർഷങ്ങളോളം തപസ്സു ചെയ്തിട്ടും കിട്ടാത്ത ആ വരദാനം, ഒടുവിൽ ഒട്ടും പ്രതീക്ഷിക്കാതെ കൈവെള്ളയിൽ വന്നു വീഴുമ്പോൾ ഉണ്ടാകുന്ന ആ സന്തോഷത്തിന്റെ വ്യാപ്തി ഏത് അളവുകോൽ വെച്ചാണ് അളക്കുക!
അവളെ തന്റെ അരികിലേക്ക്, ഈ ഫോൺ കോളിന്റെ തുമ്പിലേക്ക് എത്തിക്കാൻ കാരണമായ ആ മാന്ത്രിക ഘടകം ഏതാണ്...?
തീർച്ചയായും തന്റെ അക്ഷരങ്ങൾ തന്നെയാണ്, തന്റെ നോവൽ തന്നെയാണ്! അതേ...
ഫോണിലൂടെ അവൾ അത് തുറന്നു സമ്മതിക്കുകയും ചെയ്തു.
"നിന്റെ നോവൽ... അത് ഞാൻ മുഴുവൻ വായിച്ചു ദീപൂ.
നീ എന്നെ ഇന്നും ഇത്രയധികം ഓർക്കുന്നുണ്ടെന്ന് അറിഞ്ഞതിലുള്ള വലിയൊരു സന്തോഷം എങ്ങനെ ഞാൻ പറഞ്ഞറിയിക്കും..?
'കാലങ്ങളായി തമ്മിൽ യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും നീ എന്നെ ഇന്നും നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു.
നിനക്ക് ഓർത്തു വെക്കാനുള്ളതൊന്നും എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. എന്നിട്ടും എന്റെ ഓരോ ചെറിയ ചലനങ്ങളെപ്പോലും നീ നിന്റെ മനസ്സിലേക്ക് ആവാഹിച്ചുവെച്ചു കളഞ്ഞല്ലോ... നിന്റെ മനസ്സിന്റെ ആത്മാർത്ഥത ഞാൻ വൈകിയാണെങ്കിലും തിരിച്ചറിയുന്നു ദീപൂ..."
അവൾ തുടർന്നു...
"ഇവിടെ നമ്മുടെ നാട്ടിൽ, സമൂഹം നിന്നെ ഇകഴ്ത്തിക്കാട്ടാനും അപവാദങ്ങൾ പ്രചരിപ്പിക്കാനും ഒരുപാട് പെടാപ്പാട് പെടുന്നുണ്ടായിരുന്നു. ഒരുപക്ഷേ, ഒരു കാലത്ത് ഞാനും അവരിൽ ചിലതൊക്കെ വിശ്വസിച്ചുപോയിരുന്നു എന്നത് സത്യമാണ്. എന്നാൽ നിന്റെ കഥയിലെ ആ വരികളിൽ നിന്റെ മനസ്സിന്റെ സത്യസന്ധത എനിക്ക് പൂർണ്ണമായും കാണാൻ കഴിഞ്ഞു."
അങ്ങനെ ഇരുപത്തിയാറ് മിനിറ്റിലധികം നീണ്ടുനിന്ന ആ സംഭാഷണത്തിലുടനീളം ദീപുവിന് സ്വന്തമായി ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല. അവളുടെ ഓരോ ചോദ്യങ്ങൾക്കും അവൻ യന്ത്രികമായി മറുപടി നൽകിക്കൊണ്ടേയിരുന്നു.
ചുറ്റുമുള്ള ഭൗതിക പ്രപഞ്ചം മുഴുവൻ ഒരൊറ്റ നിമിഷം കൊണ്ട് അപ്രത്യക്ഷമായതുപോലെ അവന് തോന്നി. അവൻ ഇപ്പോൾ ഈ ഭൂമിയിലല്ല, ഏതോ പ്രകാശപൂരിതമായ അനന്ത വിഹായസ്സിൽ, സ്വർഗ്ഗീയമായ ഏതോ ഒരു തലത്തിൽ അഭിരമിക്കുകയായിരുന്നു!
മനസ്സ് വല്ലാതെ ഭാരരഹിതമായി മാറി ഒരു തൂവൽ പോലെ അവൻ ശൂന്യാകാശത്തിലൂടെ പറന്നുയരുകയാണ്. 46 വർഷമായി ഉള്ളിൽ കൊണ്ടുനടന്ന ആ വിരഹത്തിന്റെ, കനലുകളെല്ലാം ഒരൊറ്റ കുളിർമഴയിൽ കെട്ടടങ്ങിയിരിക്കുന്നു.
തന്റെ മേൽ പ്രണയത്തിന്റെ അമൃത് പെയ്യുന്നത് അവൻ അനുഭവിച്ചറിഞ്ഞു. മനുഷ്യന് താങ്ങാൻ കഴിയുന്നതിലും അപ്പുറമുള്ള ഒരാനന്ദം അവന്റെ ഉള്ളിലേക്ക് ഇരച്ചുകയറിയത് കൊണ്ടാകാം, അവന് വാക്കുകൾ നഷ്ടപ്പെട്ടുപോയി. ആ നിശബ്ദതയിൽ, അവന്റെ കാതുകളിൽ ഇപ്പോഴും ആ ഒരൊറ്റ ശബ്ദം മാത്രം ആവർത്തിച്ചു കേട്ടുകൊണ്ടിരുന്നു...
"ഞാൻ... ഞാൻ ഗൗരിയാണ്...!"
എന്റെ ഗൗരി... അന്ന് എന്റെ മാത്രം ഹൃദയത്തിലുണ്ടായിരുന്ന എന്റെ ഗൗരി! ഈ വയസ്സുകാലത്ത് അവൾക്ക് തന്നെ ഓർമ്മ വന്നിരിക്കുന്നു. അല്ല, തന്റെ വരികൾ തന്റെ ജീവിതത്തിന്റെ ആ വസന്തത്തെ ഒടുവിൽ വീണ്ടെടുത്തിരിക്കുന്നു.
ഗൗരി...
വരികൾ വീണ്ടെടുത്ത വസന്തം!
തുടരും...
ജെപി പാലക്കാട്.
ഈ നോവൽ #മഴയും_വെയിലും എന്ന നോവലിന്റെ കഥയെ ആധാരമാക്കി എഴുതിയ അതിന്റെ മൂന്നാം ഭാഗമാണ്, ആ നോവലിന്റെ രണ്ടാം ഭാഗമാണ് ിത്‌ന
ഈ നോവലിന്റെ തുടക്കം മുതൽ വായിക്കാൻ പേജ് ഫോളോ ചെയ്താൽ മതിയാകും, ഓരോ ഭാഗത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായം കമന്റായി എഴുതാൻ മറക്കരുതേ 🙏🏻
© Jp-Palakkad — TalentsofIndia. All rights reserved.
#കാത്തിരുന്നിട്ടും
#ജെപിപാലക്കാട്
#കേരളസ്റ്റോറി
#മഴയുംവെയിലും #കവിതകൾ #മലയാളനോവൽ
#ചുവടുകൾ