31/07/2026
ഞാൻ ലണ്ടനിൽ കണ്ടതും കേട്ടതും
(ഭാഗം 1)
യാത്രകളോട് എന്നും പ്രണയമാണല്ലോ. ...❤️
kingston university യിൽ ബിസിനസ് മാനേജ്മെന്റ് പൂർത്തിയാക്കിയ അമ്പുടു വിന്റെ കോൺവൊക്കേഷൻ... അമ്മയും ചാച്ചനും വരണമെന്ന് പറഞ്ഞപ്പോ ന്നാൽ പിന്നെ പോയാലോന്നായി , അങ്ങനെയാണ് നല്ല തിരക്കിനിടയിലും കുറച്ചു ദിവസങ്ങൾ ലണ്ടൻ യാത്രയ്ക്കായി മാറ്റിവെച്ചത് .
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഹീത്രൂ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ നിമിഷം മുതൽ തന്നെ ഓരോ കാഴ്ചയും മറ്റൊരു ലോകത്തിലേക്ക് വാതിൽ തുറന്നതുപോലെ അത്ഭുതപ്പെടുത്തുന്നത് ആരുന്നു . ന്നിട്ടും നമ്മുടെ നാട് കട്ടുമുടിച്ച കള്ളന്മാരുടെ നാട്ടിലേക്ക് എത്തിയതിന്റെ വല്ലാത്തൊരു ചടപ്പ് തോന്നിയിരുന്നു ആദ്യം . പക്ഷേ പതിയെ ഉള്ളിൽ പുതിയ കാഴ്ചകളുടെ ആവേശം നിറയുന്നതറിഞ്ഞു.
നേരെ പോയത് ലണ്ടനിലെ പ്രശസ്ത നഗരമായ ചെൽസിയിലെ ഹിൽട്ടൻ ഹോട്ടലിലേക്ക് ആണ് .കുറച്ചു കൂടി ചിലവ് കുറഞ്ഞ എയർബിൻബി യിൽ താമസിക്കണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അച്ഛനും മകനും കൂടി തിരഞ്ഞെടുത്തത് ആ ഹോട്ടൽ ആണ്.
പഴമയും പുതുമയും സമന്വയിപ്പിച്ച ആ പ്രദേശം ആദ്യ കാഴ്ചയിൽ തന്നെ മനസ്സിനെ കീഴടക്കിയെന്ന് പറയാതെങ്ങനെ. നമ്മുടെ വിക്ടോറിയ ടെർമിനൽസിനെ ഓർമ്മിപ്പിക്കുന്ന കെട്ടിടങ്ങളും പാർക്കുകളും പൂന്തോട്ടങ്ങളും പച്ചപ്പും വിളഞ്ഞു നിൽക്കുന്ന ഫലവൃക്ഷങ്ങളും ഒക്കെയായി കണ്ണിനേയും മനസിനെയും ഒരേപോലെ കീഴടക്കുന്ന നാട് ആണ് ലണ്ടൻ . ..
ജൂലൈ 20 ന് ലണ്ടൻ എന്നെ വരവേറ്റത് പൊള്ളുന്ന വേനൽച്ചൂടോടെയല്ല, മെല്ലെ തഴുകിയെത്തുന്ന ഇളം തണുപ്പുള്ള ചെറിയ കാറ്റോടെയായിരുന്നു. നഗരമാകെ വർണപ്പൂക്കളുടെ ചിരി നിറഞ്ഞിരിക്കുന്നു ഓരോ പാർക്കും, ഓരോ തെരുവോരവും, ഓരോ വീടിന്റെ മുറ്റവും ജനൽപ്പാളികളുമെല്ലാം പൂക്കളാൽ അലങ്കരിച്ച ഒരു കലാസൃഷ്ടിപോലെ തോന്നി. തെംസ് നദിക്കരയിലെ സായാഹ്നങ്ങളും, മേഘങ്ങൾക്കിടയിലൂടെ ഒളിച്ചുകളിക്കുന്ന സൂര്യനും, ചരിത്രം ഉറങ്ങുന്ന കെട്ടിടങ്ങളും ചേർന്ന് ലണ്ടനെ ഒരു നഗരമെന്നതിലുപരി, ജീവിക്കുന്ന ഒരു ചിത്രമാക്കി മാറ്റിയിരിക്കുന്നു .
ഈ സമയത്ത് ലണ്ടന് ഒരു പ്രത്യേക ഭംഗിയാണ് . അത് വെറും കാലാവസ്ഥാ മാറ്റമല്ല , നഗരത്തിന്റെ മുഴുവൻ ഭാവവും മാറുന്ന സമയമാണ്. വേനലിന്റെ കാഠിന്യം കുറയാൻ തുടങ്ങുന്ന ജൂലൈ അവസാന ദിവസങ്ങൾ…
പകൽസമയത്ത് സൂര്യപ്രകാശമുണ്ടെങ്കിലും പൊള്ളുന്ന ചൂടല്ല, വീശിയെത്തുന്ന മൃദുവായ കാറ്റിന് സുഖമുള്ള തണുപ്പിന്റെ സ്പർശം . ആകാശം തെളിഞ്ഞ നീലയും ചിലപ്പോൾ വെളുത്ത മേഘങ്ങൾ നിറഞ്ഞതും, അത്തരമൊരു ആകാശത്തിന് കീഴിൽ ലണ്ടന്റെ ചരിത്രസ്മാരകങ്ങളും പാലങ്ങളും പൂന്തോട്ടങ്ങളുമെല്ലാം മനോഹരമായിരിക്കുന്നു .
നഗരം മുഴുവൻ പൂക്കളാൽ നിറഞ്ഞിരുന്നു ,പാർക്കുകളിലെ യമണ്ടൻ റോസാപ്പൂക്കൾ, ലാവെൻഡർ, ഡാലിയ, ഹൈഡ്രേഞ്ചിയ, നിറയെ നിറങ്ങളിലുള്ള സമ്മർ ഫ്ലവേഴ്സ് എന്നിവ പൂത്തുലഞ്ഞ് നിൽക്കുന്നു. വീടുകളുടെ ജനൽപ്പാളികളിൽ തൂക്കിയിരിക്കുന്ന hanging flower baskets, തെരുവോരങ്ങളിലെ പൂച്ചെടികൾ, ചെറിയ കഫേകളുടെ മുന്നിലെ പൂക്കളാലങ്കാരങ്ങൾ , ഇവയൊക്കെ നഗരത്തിന് ഒരു ചിത്രത്തിന്റെ ഭംഗി നൽകിരിക്കുന്നു .
“മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ”വിളക്കുകാലുകളെയും എണിയുമായി വിളക്ക്കാലുകളിൽ എണ്ണയൊഴിക്കാൻ എത്തുന്ന കുഞ്ചക്കനെയും ദാസനെയും ചന്ദ്രികയെയും കുറമ്പിയമ്മയെയും കൗസുവിനെയും അച്ചുവിനെയും ലീലയെയും റൈറ്റർ ദാമുവിനെയും ഒക്കെ ഓർമ്മിപ്പിക്കുന്ന വിളക്കു കാലുകൾ എവിടെയും. .. എന്തോ ഒരു നൊമ്പരം മനസിലെവിടെയോ കൂട് കൂട്ടും പോലെ. ..
റൂമിലെത്തി കുളിച്ചു വേഷം മാറി ക്ഷീണം പോലും മറന്ന് തെംസ് നദിക്കരയിലേക്ക് നടക്കുമ്പോൾ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോളമായി, പുറത്തിറങ്ങിയതേ തണുത്ത കാറ്റും കൂട്ടിനെത്തി, ഡെനിം ജാക്കറ്റ് ന് തടുക്കാൻ കഴിയാത്ത തണുപ്പിനെ മറികടക്കാൻ ഞാൻ നടത്തത്തിന് സ്പീഡ് കൂട്ടി ....
ഒരു ബഹളങ്ങളുമില്ലാത്ത നാട് , ഇവിടുത്തെ മനുഷ്യരൊക്കെ എവിടെ പോയെന്ന് മൂക്കത്ത് വിരൽ വെച്ച് അമ്പുടുനോട് ചോദിച്ചു ... വാഹനങ്ങളും പൊതുവെ കുറവ് ... ഒന്നുകിൽ ജോലിയിൽ അല്ലെങ്കിൽ ഏതെങ്കിലും പബ്ബിൽ ഉണ്ടാവും എല്ലാരുമെന്ന് മറുപടി ...
പൂക്കളും ചെടികളും കണ്ടു excited ആയി തുള്ളിച്ചാടി നടക്കുന്ന എന്നെ പിറകീന്ന് രണ്ടാളും കളിയാക്കുന്നതൊന്നും നമ്മൾ മൈൻഡ് ചെയ്യാനേ പോയില്ല,. ഞാനേതോ മായിക ലോകത്ത് എത്തിയ പോലെ ആയിരുന്നു ശരിക്കും... ഓരോ രാജ്യ കാണുമ്പോഴും എനിക്ക് ഇതേ ഫീൽ ആണ് 🥰
അപ്പോഴാണ് പെട്ടെന്ന് അതിശയിപ്പിക്കുന്ന സ്പീഡിൽ ഒരു വാഹനം നമ്മളുടെ തൊട്ടരികിലൂടെ ചീറി പാഞ്ഞത്. .. വാഹനമല്ല !, ഒരു അത്യാധുനിക elactronic വീൽ ചെയർ ആരുന്നു. .. ഇലക്ട്രോണിക് വീൽചെയറിൽ ശാന്തമായി മുന്നേറുന്ന ആ മനുഷ്യനെ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ സഡൻ ബ്രേക്ക് ഇട്ടത് പോലെ നിന്നു പോയി. സ്റ്റീഫൻ ഹോക്കിങ്ങിന്റെ പുഞ്ചിരിയും പോരാട്ടവീര്യവും മനസ്സിൽ തെളിഞ്ഞുവന്നു. ശരീരം ചിലപ്പോൾ മനുഷ്യനെ പരിമിതപ്പെടുത്താം,പക്ഷേ അറിവിനെയും സ്വപ്നങ്ങളെയും ഒരിക്കലും ബന്ധിച്ചിടാനാവില്ലെന്ന് നമ്മെ പഠിപ്പിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ മനസ്സിൽ നിറഞ്ഞപ്പോൾ ആ അപരിചിതനെ ഞാൻ ഏറെ ബഹുമാനത്തോടെയും അത്ഭുതത്തോടെയും നോക്കിനിന്നു പോയി.
നടന്ന് നമ്മൾ തെംസ് നദിക്കരയിൽ എത്തിയിരിക്കുന്നു സായാഹ്നത്തിന്റെ മൃദുലമായ വെളിച്ചത്തിൽ കണ്ണാടിപോലെ ശാന്തമായി കിടന്ന ജലാശയം, അതിലൂടെ ഒഴുകിയെത്തിയ തണുത്ത കാറ്റ്, നദിയുടെ മറുകരയിൽ നിന്ന് ഉയരുന്ന ഹെലികോപ്റ്ററുകൾ തീരത്ത് വിശ്രമിക്കുന്ന പക്ഷികൾ, ചെറിയതും വലുതുമായ ബോട്ടുകൾ കൂണ് പോലെ നിരന്നു കിടക്കുന്ന പബ്ബുകളിൽ ജീവിതം ആഘോഷമാക്കുന്ന മനുഷ്യർ എല്ലാം ചേർന്ന് ഒരു ക്യാൻവാസിൽ വരച്ച ദൃശ്യം പോലെ തോന്നി. പ്രകൃതി നിശ്ശബ്ദമായി മനുഷ്യനോട് സംസാരിക്കുന്നതുപോലെയുള്ള ഒരു അനുഭവം. തിരക്കേറിയ നഗരത്തിന്റെ ഹൃദയത്തിലും ഇങ്ങനെ ശാന്തതയെ സംരക്ഷിച്ചുവെച്ചിരിക്കുന്ന ലണ്ടനോട് വല്ലാത്ത പ്രണയം തോന്നിപ്പോയി. ..
എത്ര നേരം അവിടെ നിന്നുവെന്ന് ഓർമ്മയില്ല , വിശന്നു തുടങ്ങിയപ്പോ ആഹാരം കഴിക്കാൻ അടുത്ത് കണ്ട പബ്ബിലേക്ക് കയറി, നെറ്റിയിലും പുരികത്തിലും ചുണ്ടിലും പുക്കിളിലും പിയേഴ്‌സിങ് ചെയ്ത വെളുത്ത സുന്ദരി പെൺകുട്ടികൾ ബിയർ ഗ്ലാസുകളുമായി സൊറ പറഞ്ഞിരിക്കുന്നു . അവരുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് നദിയിലേക്ക് അഭിമുഖമായി ഇട്ടിരിക്കുന്ന ടേബിളിൽ നമ്മളും സ്ഥാനം പിടിച്ചു. ... പിന്നെയും പെൺ കുട്ടികളിലേക്ക് നോട്ടം പോയപ്പോൾ അമ്മയ്ക്കും കുത്തണോ അതുപോലെ ന്ന് അമ്പുടു പറയുന്നു അച്ഛനും മോനും ചിരിക്കുന്നു .. പാതി കേട്ടെങ്കിലും കാര്യമാക്കാതെ വീണ്ടും പെൺ കുട്ടികളിലേക്ക് .... തൊട്ടടുത്ത ടേബിളിൽ വേറെ രണ്ടും മനുഷ്യർ തമ്മിൽ ചുണ്ടുകൾ ചേർത്തു വെക്കുന്നു. .. ഒരിത്തിരി കുശുമ്പ് ഉണ്ടോ ഏയ് ഒട്ടൂല്ല 🙊....
ഒരു ഫിഷ് and ചിപ്സ് ഉം വേറെന്തോ ഒന്ന് കൂടി ഓർഡർ ചെയ്തു ഭക്ഷണം കഴിച്ചു ബിൽ നോക്കുമ്പോ 47 പൗണ്ട്. .. അമ്പുടും ഞാനും ഗിരിയെ നോക്കി പല്ലിളിച്ചു കാട്ടി 😬...
ഇനി ശ്രദ്ധിച്ചോളാമെന്ന് അത്രേള്ളൂ. ..
അവിടുന്നിറങ്ങുമ്പോഴേക്കും നല്ല ക്ഷീണം തോന്നിയിരുന്നു ... നേരെ ടെസ്കോ യിൽ കയറി , ബിയറും കുറച്ചു സ്‌നാക്ക്സും വാങ്ങി റൂമിൽ പോയി, ബിയർ കുടിച്ചതെ ഓർമ്മയുള്ളു കണ്ണ് തുറക്കുമ്പോൾ സമയം രാത്രി 8 മണി ...
ഫ്രഷ് ആയി പുറത്ത് ഇറങ്ങുമ്പോ നല്ല വെളിച്ചം പകൽ പോലെ ... 9 30 എങ്കിലും ആയി ഒന്ന് സന്ധ്യ ആയ ഫീൽ ഉണ്ടാവാൻ ....
സഞ്ചാരി:- Dimple Girish
#സഞ്ചാരി