16/08/2026
സൗമ്യ... ആലപ്പുഴ തുമ്പോളി സ്വാദേശി...
ഒരിക്കൽ നൃത്തം മാത്രമായിരുന്നു സൗമ്യയുടെ ലോകം...
വേദിയിൽ ചുവടുവയ്ക്കുക, പരിപാടികൾക്കായി യാത്ര ചെയ്യുക, അതിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകുക... അത്രയേ അന്നത്തെ സ്വപ്നങ്ങൾക്കുണ്ടായിരുന്നുള്ളൂ. സിനിമയോ ടെലിവിഷനോ ഒന്നും മനസ്സിലുണ്ടായിരുന്നില്ല. ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള വഴികളായിരുന്നു അന്ന് ഓരോ വേദിയും...
പുന്നപ്ര പ്രശാന്തിന്റെ, അഥവാ അയ്യപ്പ ബൈജുവിന്റെ, ട്രൂപ്പിൽ ഡാൻസ് പ്രോഗ്രാമുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് സൗമ്യയുടെ ജീവിതത്തിലേക്ക് മറ്റൊരു അവസരം എത്തുന്നത്. കൊച്ചിൻ ഗിന്നസ്സിലേക്ക് ഒരു പെൺകുട്ടിയെ ആവശ്യമുണ്ടെന്ന് അറിഞ്ഞപ്പോൾ ചേച്ചിയുടെ ഭർത്താവായ ആലപ്പി ഗോപകുമാർ പ്രശാന്തേട്ടനോട് ചോദിച്ചു,
‘നമ്മുടെ സൗമ്യയെ നോക്കിക്കൂടെ?’
ആ ഒരു ചോദ്യം സൗമ്യയുടെ ജീവിതത്തിന്റെ ദിശ തന്നെ മാറ്റി. ഏകദേശം ഇരുപത് വർഷം മുൻപ് കൊച്ചിൻ ഗിന്നസ്സിലെത്തിയ സൗമ്യ അവിടെ അഞ്ചു വർഷത്തോളം തുടർന്നു.
നൃത്തം ചെയ്യാനായിരുന്നു എത്തിയത്. പക്ഷേ അഭിനയത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത് അവിടെവച്ചായിരുന്നു.
സ്കിറ്റുകളിലെ ഫിഗർ ഷോകളിൽ നസീറും സത്യനും വേദിയിലെത്തുമ്പോൾ, ഷീലയായും ശാരദയായും സൗമ്യയും കൂട്ടരും വേദിയിലെത്തും. ആദ്യം ചെറിയ വേഷങ്ങൾ. പിന്നെ കുറേക്കൂടി കഥാപാത്രങ്ങൾ. വേദിയിലെ ആ ചെറിയ ചുവടുകൾ പതിയെ അഭിനയത്തിലേക്കുള്ള വഴിയായി.
സിനിമാല, ക്രേസി ടിവി, കോമഡി മിക്സ് പിന്നെ ഞാനും, മറിമായം…
കോമഡിയിലൂടെ സൗമ്യയുടെ മുഖം പ്രേക്ഷകർക്ക് പരിചിതമായി. നൃത്തം അറിയുന്ന പെൺകുട്ടി എന്നതിൽ നിന്ന് ഒരു കോമഡി ആർട്ടിസ്റ്റിലേക്കുള്ള മാറ്റം അവിടെ സംഭവിച്ചു.
എങ്കിലും അപ്പോഴും സിനിമയായിരുന്നു ലക്ഷ്യം എന്നുപറയാനാവില്ല.
കാരണം സൗമ്യയുടെ ജീവിതത്തിൽ സ്വപ്നങ്ങൾക്കു മുൻപ് ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു.
‘പ്രോഗ്രാമിനു പോയാലേ വീട്ടിലെ കാര്യങ്ങൾ നടക്കൂ. അത്രയേ അന്ന് ചിന്തിച്ചിരുന്നുള്ളൂ.’
ആ വാക്കുകളിൽ ആ കാലത്തിന്റെ മുഴുവൻ കഥയുമുണ്ട്.
അതിനിടെയാണ് ആലപ്പുഴയിലെ സിട്രസ് റിസോർട്ടിൽ അതിഥികൾക്കായി നൃത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുന്നത്. സ്ഥിരവരുമാനമുള്ള ഒരു ജോലി പോലെയായിരുന്നു ആ അവസരം സൗമ്യയ്ക്ക്.
ഒരു ദിവസം, രണ്ടുദിവസം എന്നല്ല, ഏഴു വർഷം അവിടെ നൃത്തം അവതരിപ്പിച്ചു.
സൗമ്യയുടെ ജീവിതത്തിൽ ആ കാലഘട്ടം നിർണായകമായിരുന്നു. അവളുടെ കഴിവിൽ വിശ്വസിച്ച് മുന്നോട്ടുപോകാൻ ഒരു പിടിവള്ളി നൽകിയ മനുഷ്യനായിരുന്നു റിസോർട്ട് മാനേജർ സന്തോഷ് സാർ.
അവസരങ്ങൾ ചിലപ്പോൾ വലിയ വാതിലുകളായി വരണമെന്നില്ല. ചെറിയൊരു വേദിയായും ഒരു പരിപാടിയായും ഒരാളുടെ വിശ്വാസമായും അത് ജീവിതത്തിലേക്ക് കടന്നുവരാം. സൗമ്യയുടെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു.
പിന്നെയും വേദികൾ മാറി. അനുഭവങ്ങൾ കൂടി. ഒടുവിൽ 2018-ൽ എത്തിയ ആ ക്ഷണം സൗമ്യയുടെ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി.
‘അളിയൻസ്.’
അങ്ങനെ മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് സൗമ്യ ‘ലില്ലി’യായി.
‘അളിയൻസ്’ എന്ന പരമ്പരയിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രം സൗമ്യയ്ക്ക് ലഭിച്ചത് ഒരു വേഷം മാത്രമായിരുന്നില്ല. വർഷങ്ങളായി വേദികളിലൂടെ സമ്പാദിച്ച അനുഭവത്തിനും കാത്തിരിപ്പിനും കിട്ടിയ വലിയൊരു അംഗീകാരമായിരുന്നു അത്.
ലില്ലിക്കുട്ടി സൗമ്യയുടെ കരിയറിലെ ഒരു കഥാപാത്രം മാത്രമല്ല; അത് അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.
'ലില്ലി'എന്ന കഥാപാത്രമായി വളരെ സ്വഭാവികമായ അഭിനയം ആണ് സൗമ്യ കാഴ്ചവെക്കുന്നത്. ശെരിക്കും അഭിനയിക്കുകയല്ല ജീവിക്കുന്നു എന്ന് തോന്നി പോവും.
അതിന് ശേഷം സിനിമയിലും സൗമ്യയ്ക്ക് അവസരങ്ങൾ ലഭിച്ചു. മാസ്ക്, സർവം മായ, നുണക്കുഴി, ഹൃദയപൂർവം, ദൃശ്യം 3 തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ബിഗ് സ്ക്രീനിലും സാന്നിധ്യമറിയിച്ചു.
ദൃശ്യം 3 യിൽ ഒരൊറ്റ സീൻ കൊണ്ട് ലാലേട്ടന് ഒപ്പമുള്ള അഭിനയം അവർ ഞെട്ടിച്ചു എന്ന് തന്നെ പറയാം.
സൗമ്യയുടെ കഥയിൽ സിനിമയും ടെലിവിഷനും മാത്രമല്ല. അതിനപ്പുറം ഒരുപാട് ഓർമ്മകളുണ്ട്.
നാലു പെൺമക്കളുള്ള ഒരു സാധാരണ കുടുംബം. വലിയ പ്രായവ്യത്യാസമില്ലാത്ത നാല് കുട്ടികൾ. ഒരേ കാലത്ത് എല്ലാവരും സ്കൂളിൽ പഠിച്ചിരുന്ന ദിവസങ്ങൾ. സ്കൂൾ തുറക്കുന്ന സമയമാകുമ്പോൾ അമ്മച്ചിക്ക് അത് വലിയൊരു പരീക്ഷണമായിരുന്നു.
‘ഞങ്ങളെ അമ്മച്ചി എങ്ങനെയാണ് പഠിപ്പിച്ചതെന്ന് ഇപ്പോഴും അതിശയമാണ്.’
ആ വാക്കുകൾ പറയുമ്പോൾ സൗമ്യയുടെ ഓർമ്മകളിൽ അമ്മച്ചിയുടെ മുഖം നിറയുന്നുണ്ടാവണം.
സ്കൂൾ ഫീസ് അടയ്ക്കുന്നവരുടെ ഏറ്റവും അവസാനത്തെ ലിസ്റ്റിലായിരിക്കും പലപ്പോഴും സൗമ്യയുടെ പേര്. എന്നാൽ പഠനത്തിനൊപ്പം നൃത്തത്തിലും അവൾ തിളങ്ങി. സ്കൂൾ കാലത്ത് നൃത്തത്തിന് നിരവധി സമ്മാനങ്ങൾ നേടി.
ഒരിക്കൽ ഒരു ദിവസം തന്നെ അഞ്ച് സ്ഥലങ്ങളിൽ നിന്ന് സമ്മാനം വാങ്ങിയിട്ടുണ്ട്.
ട്രോഫികൾ വീട്ടിൽ കൊണ്ടുവന്ന് ഒരു തട്ടുപോലെ നിരത്തിവയ്ക്കും.
പക്ഷേ ആ ട്രോഫികൾ നിന്നിരുന്ന വീടിന്റെ അവസ്ഥ അത്ര മനോഹരമായിരുന്നില്ല.
ഒരു ദിവസം വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു.
കുറേക്കാലം അങ്ങനെയൊരു വീട്ടിലായിരുന്നു താമസം.
ആരെങ്കിലും വീട്ടിൽ വരുമ്പോൾ പോലും വിഷമം തോന്നിയിരുന്ന കാലം.
അന്ന് കൈയിൽ ഉണ്ടായിരുന്നത് സമ്മാനങ്ങളായിരുന്നു. മുന്നിൽ ഉണ്ടായിരുന്നത് ജീവിതത്തിന്റെ പ്രയാസങ്ങളും.
പക്ഷേ ആ ചെറിയ ട്രോഫികൾക്കുള്ളിൽ ഒരു പെൺകുട്ടിയുടെ വലിയ സ്വപ്നങ്ങൾ ഉണ്ടായിരുന്നു.
ജീവിതം ചിലപ്പോൾ ഒരുപാട് കാലം നമ്മളെ പരീക്ഷിച്ചശേഷമാണ് ഒരു അവസരം നൽകുന്നത്.
സൗമ്യയ്ക്ക് ആ അവസരം ‘അളിയൻസ്’ ആയിരുന്നു.
അവിടെ നിന്നാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ തുടങ്ങിയത്. സ്വന്തം വീട് എന്ന സ്വപ്നത്തിലേക്ക് നടക്കാൻ കഴിഞ്ഞു. മകനെ വളർത്താനുള്ള സുരക്ഷ ലഭിച്ചു. വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന പല ആഗ്രഹങ്ങൾക്കും പതിയെ രൂപം കിട്ടി.
‘അളിയൻസിലെത്തുന്നതാണ് ഏറ്റവും വലിയ ഭാഗ്യം. അതിന് ശേഷമാണ് വീട് വെച്ചതും മകനെ വളർത്താനാകുന്നതും.’
സൗമ്യയുടെ വാക്കുകളിൽ ആ കഥാപാത്രത്തോടുള്ള നന്ദി മാത്രമല്ല, ജീവിതത്തോടുള്ള ഒരു വലിയ കടപ്പാടും ഒളിഞ്ഞിരിക്കുന്നു.
ജീവിതത്തിലെ ഓരോ പ്രതിസന്ധിയിലും ശക്തിയായി നിന്ന അമ്മച്ചി ഇന്ന് സൗമ്യയ്ക്കൊപ്പമില്ല. അമ്മച്ചി മരിച്ചിട്ട് ഒരു വർഷമായി.
എന്നാൽ ചില ബന്ധങ്ങൾ അങ്ങനെ അവസാനിക്കുന്നില്ല.
ഒരു വീട് എങ്ങനെയായാലും മക്കളെ പഠിപ്പിക്കണം എന്ന് ഉറച്ചുനിന്ന ആ അമ്മയുടെ ഓർമ്മകൾ സൗമ്യയുടെ ഓരോ വിജയത്തിന്റെയും പിന്നിലുണ്ട്. സ്കൂൾ ഫീസിന്റെ അവസാന ലിസ്റ്റിൽ മകളുടെ പേര് വന്നപ്പോഴും, നൃത്തത്തിന് ട്രോഫികളുമായി മകൾ വീട്ടിലെത്തിയപ്പോഴും, വീട് തകർന്നുനിന്നപ്പോഴും എല്ലാ കാലത്തും ആ അമ്മ ഉണ്ടായിരുന്നു.
ഇന്ന് ആ കൈപിടിത്തം നേരിട്ടല്ലെങ്കിലും സൗമ്യയുടെ ജീവിതത്തിൽ തന്നെയുണ്ട്.
ഇനി വേദികൾ കൂടുതൽ വരട്ടെ…
മകൻ പാർഥിവിനും അച്ഛനുമൊപ്പമാണ് ഇപ്പോഴത്തെ ജീവിതം. പാർഥിവ് ആറാം ക്ലാസിലാണ്.
കടന്നു വന്ന വഴിയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അവിടെ വലിയ സ്വപ്നങ്ങളേക്കാൾ വലിയൊരു അധ്വാനമാണ് കാണുന്നത്. നൃത്തവേദിയിൽ നിന്ന് തുടങ്ങിയ യാത്ര, കോമഡിയുടെ വേദികളിലൂടെ കടന്ന് ടെലിവിഷനിലും സിനിമയിലും എത്തിനിൽക്കുന്നു.
ചിരിപ്പിച്ചും അഭിനയിച്ചും നൃത്തം ചെയ്തും സൗമ്യ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കട്ടെ.
ഒരിക്കൽ ജീവിതം കൈവിട്ടുപോയെന്ന് തോന്നിച്ച ഇടങ്ങളിൽ നിന്ന് സ്വന്തം വീട് പണിതുയർത്തിയ ആ പെൺകുട്ടിക്ക് മുന്നിൽ ഇനിയും ഒരുപാട് കഥാപാത്രങ്ങളുടെ വാതിലുകൾ തുറക്കട്ടെ.
ലില്ലിക്കുട്ടിയായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ സൗമ്യ ഭാഗ്യൻപിള്ളയ്ക്ക് ഇനിയും ഒരുപാട് നല്ല വേഷങ്ങളും നല്ല സിനിമകളും മികച്ച അവസരങ്ങളും തേടിയെത്തട്ടെ. കലാരംഗത്തു അവളുടെ ചിരി ഇനിയും ഒരുപാട് കാലം നിറഞ്ഞുനിൽക്കട്ടെ... ആശംസകൾ... ❤️