26/10/2015
ടൂറിസം പദ്ധതിയില്‍ ഇടംനേടാന്‍ കാത്ത് മലമക്കാവിലെ വെള്ളച്ചാട്ടം
ആനക്കര: മലമക്കാവിന് കണ്ണിന് കുളിര്‍മ്മ നല്‍കികൊണ്ട് നീര്‍ച്ചോലയിലെ വെള്ളച്ചാട്ടം. ആനക്കര പഞ്ചായത്തിലെ ഏഴാംവാര്‍ഡ് മലമക്കാവ് അയ്യപ്പക്ഷേത്രത്തിന് സമീപമാണ് നീര്‍ച്ചാലയും വെളളച്ചാട്ടവുമുള്ളത്. പ്രകൃതി ചൂഷണംമൂലം ഇതിന്റെ ശക്‌തി ക്ഷയിച്ചിട്ടുണ്ട്. ഒന്നര പതിറ്റാണ്ട് മുമ്പ് ഇടതുപക്ഷം തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഭരിച്ചിരുന്ന സമയത്ത് നീര്‍ച്ചോലയും വെളളച്ചാട്ടവും സംരക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കിയെങ്കിലും പിന്നീട് ഭരണം മാറിയതോടെ ഇത് കടലാസിലൊതുങ്ങി. ജില്ലയുടെ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികച്ച രൂപത്തില്‍ സംരക്ഷണം നടത്തിയാല്‍ അത് ആനക്കര പഞ്ചായത്തിന് മാത്രമല്ല ജില്ലയ്‌ക്ക് തന്നെ അഭിമാന നേട്ടമായിമാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തികച്ചും വനാന്തരങ്ങളുടെ പ്രതീതി ഉണര്‍ത്തുന്നതാണ് ചോലയും പരിസരങ്ങളും. വേനല്‍കാലം പാതിയിലേറെ കടന്നാലും ഇവിടത്തെ നീരുറവ നിലക്കാറില്ലത്രെ. എന്നാല്‍ കുന്നുകളുടെ നാശവും മണ്ണ്‌മാഫിയയുടെ കടന്നുവരവും ചോലയുടെ നീരൊഴുക്കിന്റെ വേഗതകുറക്കാന്‍ കാരണമായിട്ടുണ്ട്. ക്ഷേത്രത്തിന് മുന്നിലൂടെ പോകുന്ന റോഡിന് താഴെയാണ് ചോല. ഇവിടേക്ക് പ്രത്യേകവഴിയും ഉണ്ട്. പ്രദേശത്തുകാര്‍ പലപ്പോഴും അലക്കും കുളിയും വരെ ചോലയുടെ നെറുകയിലാണ്. വിവിധഭാഗങ്ങളില്‍നിന്നും ഒഴുകിയെത്തുന്ന വെള്ളം താഴേക്ക് പതിച്ച് തോടിലൂടെ വയല്‍പ്രദേശത്തേക്കാണ് എത്തിചേരുന്നത്. അയ്യപ്പക്ഷേത്രകുളത്തിലെ ചിറയില്‍ നിന്നുമാണ് വേനലിന്റെ മൂര്‍ദ്ധാവിലും വെള്ളം ഒഴുകിയെത്തുന്നതത്രെ.
സി.കെ. ശശിപച്ചാട്ടിരി