29/08/2024
ശ്രീധരൻ നീലേശ്വരം വിട പറഞ്ഞിട്ട് ഇന്നേക്ക് 13 വർഷം.
ജീവിതനാടകം മുഴുമിപ്പിക്കുന്നതിനു മുമ്പ് അരങ്ങൊഴിഞ്ഞ മഹാനടനാണ് ശ്രീധരൻ നീലേശ്വരം. മലയാള നാടകവേദിക്ക് തുളുനാട് സമ്മാനിച്ച മഹാപ്രതിഭ. അമേച്ചർ നാടകവേദിയിലും പ്രൊഫഷണൽ നാടകരംഗത്തും ഒന്നു പോലെ തിളങ്ങിയ അഭിനേതാവാണ് ശ്രീധരൻ നീലേശ്വരം.
ദിർഘകാലം പുരോഗമന പ്രസ്ഥാനത്തിൻ്റെ അമരക്കാരനായും സംഘാടകനായും പ്രവർത്തിച്ച ശ്രീധരൻ്റെ രക്തത്തിൽ തന്നെ നാടകം അലിഞ്ഞുചേർന്നിട്ടുണ്ടായിരുന്നു.
നാടകത്തിൽ തൻ്റെ അഭിനയമികവ് അടയാളപ്പെടുത്തിയ ആദ്യഘട്ടങ്ങളിൽ തന്നെ അനേകം അമേച്ചർ നാടകങ്ങളിൽ അഭിനയിക്കുകയും പിന്നീട് പ്രൊഫണൽ നാടകങ്ങളിൽ തിരക്കേറുകയും ചെയ്തു.
കേരളത്തിലങ്ങോളമിങ്ങോളം വിശ്രമവേളകളില്ലാതെ നാടകവതരിപ്പിച്ച കലാകാരനാണ് ജീവിത നാടകരംഗം മുഴുമിപ്പിക്കാതെ കടന്നുപോയത്.
നാടകാചാര്യൻ ഇബ്രാഹിം വെങ്ങരയുടെ സ്വന്തം നാടക ട്രൂപ്പായ കോഴിക്കോട് ചിരന്തനയുടെ പടനിലം എന്ന നാടകത്തിലൂടെയാണ് ശ്രീധരൻ നിലേശ്വരം പ്രോഫഷണൽ നാടകരംഗത്തെത്തുന്നത്. തുടർന്ന് ഒടിയൻ, മേടപ്പത്ത്, ഉപഹാരം , പറയിപെറ്റ പന്തിരുകുലം തുടങ്ങിയ നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചു.ഇബ്രാഹിം വെങ്ങരയെയായിരുന്നു അദ്ദേഹം ഗുരുസ്ഥാനീയനായി കണ്ടിരുന്നത്. അങ്കമാലി നാടകനിലയത്തിൻ്റെ യന്ത്ര പാവകകൾ എന്ന നാടകം തൻ്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാണെന്നദ്ദേഹം പറയാറുണ്ടായിരുന്നു. 1995 ആയപ്പോഴേക്കും മലയാളനാടകവേദിയിലെ മികച്ച നടനായി ശ്രീധരൻ മാറിയിരുന്നു.
കൊല്ലം ട്യൂണ, തിരുവനന്തപുരം സൗപർണിക, സംഘചേതന,അഭി രമ്യ, ചങ്ങനാശേരി പ്രതിഭ തുടങ്ങിയ സമിതികളുടെ ശ്രദ്ധേയമായ നാടകങ്ങളായ 12 മക്കളെ പെറ്റൊരമ്മ, എണ്ണപ്പാടം, മടക്ക ഭൂമി എന്നിവയിലടക്കം നിരവധി ശ്രദ്ധേയങ്ങളായ നാടകങ്ങളിൽ അഭിനയിച്ചു. ഉത്തരേന്ത്യയിലടക്കം നിരവധി വേദികൾ കൈയ്യടക്കിയ വൈദ്യഗ്രാമം ( കോഴിക്കോട് സങ്കീർത്തന ) ശ്രീധരനെ വീണ്ടും നാടകവേദിയുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി. സങ്കീർത്തനയുടെ അക്ഷരശ്ലോകം എന്ന നാടകത്തിൻ്റെ അവതരണം കഴിഞ്ഞ് ഭാര്യയും മക്കളും വേദിയുടെ പിറകിലെത്തി തന്നെ കെട്ടിപ്പിടിച്ച് വിതുമ്പിയ കഥ ശ്രീധരൻ പറയാറുണ്ടായിരുന്നു. ദേശീയ അവാർഡ് നേടിയ മാതൃകാധ്യാപകൻ്റെ ജീവിതത്തിലെ താളപ്പിഴ കളായിരുന്നു നാടകത്തിൻ്റെ പ്രമേയം.
കഥ പറയുമ്പോൾ
നീലേശ്വരം തെരുവിലെ നെയ്ത്ത് കാരൻ വലിയ വീട്ടിൽ കുഞ്ഞിരാമൻ്റെയും എൻ.കെ. ശാരദയുടെയും മകനായി ജനനം. കുട്ടിക്കാലം മുതൽക്കേ നാടകത്തോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നു ശ്രീധരന്.
സ്കൂളിൽ പഠിക്കുമ്പോഴാണ് നാടകലോകത്തെത്തിയത്, പള്ളിക്കര സെയിൻ്റ് ആൻസ് യു.പി. സ്കൂൾ അധ്യാപകനും അമ്മാവനുമായ എൻ.കെ. പുരുഷോത്തമനാണ് ശ്രീധരൻ്റെ നാടക ഗുരു.
എൻ കെ പുരുഷുമാസ്റ്ററുടെ നിർബന്ധത്താൽ പതിനൊന്നാം വയസ്സിലാണ് ആദ്യമായി അഭിനയരംഗത്തെത്തിയത്. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി നാടകം സംവിധാനം ചെയ്തു.
പത്താം ക്ലാസ്സിൽ ഉയർന്ന മാർക്കോടെ വിജയം. പഠനകാലം കഴിഞ്ഞതിനു ശേഷം അമേച്ചർ നാടകങ്ങളിൽ സജീവമായി. അമ്പതോളം നാടകങ്ങളിൽ അഭിനയിച്ചു. 1985 ൽ മികച്ച നടനുള്ള പുരസ്കാരം നേടി. നീലേശ്വരം ജനത കലാസമിതിയുടെ സെക്രട്ടറിയായി സംഘാടനപാടവം തെളിയിച്ചു. ഒപ്പം നാടകാഭിനയവും '
കാഞ്ഞങ്ങാട് കാകളി തിയറ്റേഴ്‌സിന്റെ അങ്കച്ചുരിക എന്ന നാടകത്തിലെ കണ്ണപ്പച്ചേകവരെ അവതരിപ്പിച്ചാണ് ഇദ്ദേഹം പ്രൊഫഷണൽ നാടകരംഗത്തെത്തിയത്.
അങ്കമാലി നാടകനിലയം, കോഴിക്കോട് ചിരന്തന, തിരുവനന്തപുരം സംഘചേതന, കൊല്ലം ട്യൂണ, തിരുവനന്തപുരം സൗപർണിക, അഭിരമ്യ, ചങ്ങനാശേരി പ്രതിഭ എന്നീ സമിതികളിൽ ശ്രീധരൻ അഭിനയിച്ചിട്ടുണ്ട്. മീനമാസത്തിലെ സൂര്യൻ എന്ന ചലച്ചിത്രത്തിൽ ശ്രീധരൻ നിലേശ്വരം അഭിനയിച്ചിട്ടുണ്ട്. 2011 ആഗസ്റ്റ് 29 ന് 65-ആം വയസ്സിൽ കാസർഗോഡ് പടന്നക്കാടുള്ള വസതിയിൽ വച്ചാണ് ആകസ്മികമായ ആ വിയോഗം. നാടക അഭിനേത്രിയായിരുന്ന കണ്ണൂർ സാവിത്രിയാണ് ഭാര്യ. രൂപൻ, നീതി എന്നിവർ മക്കൾ.
പുരസ്കാരപ്പെരുമയിൽ
. കേരള സംഗീതനാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും മികച്ച നടനുള്ള പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. രാജൻ കിഴക്കനേല രചിച്ച് മീനമ്പലം സന്തോഷ് സംവിധാനം ചെയ്ത വിശപ്പിന്റെ പുത്രൻ എന്ന നാടകത്തിൽ തീറ്റ കുട്ടായി എന്ന കഥാപാത്രത്തിനാണ് കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.
വാൽക്കണ്ണാടി
മലയാളനാടകവേദിയുടെ അപൂർവ്വതയാണ് ശ്രീധരൻ നീലേശ്വരം.
അമേച്ചർ രംഗത്തും പ്രൊഫഷണൽ രംഗത്തും ഒരു പോലെ കഴിവുതെളിയിച്ച പ്രതിഭ. വാസു ചോറോടിൻ്റെ റിസറക്ഷൻ നാടകം ചെയ്തു അമേച്ചർ മേഖലയിൽ ശ്രദ്ധേയനായി. മൂന്നുവർഷക്കാലം പടന്നക്കാട് സി.പി.എം. ബ്രാഞ്ചു സെക്രട്ടറിയായിരുന്ന ശ്രീധരൻ നീലേശ്വരം മികച്ച സംഘാടകൻ കൂടിയായിരുന്നു.
ഉത്തര മലബാറിൻ്റെ നാടക ചരിത്രത്തിൽ തൻ്റെ അഭിനയ സിദ്ധി കൊണ്ടടയാളപ്പെടുത്തിയ കണ്ണൂർ സാവിത്രിയാണ് സഹധർമ്മിണി . കണ്ണൂർ സംഘചേതനയിലടക്കം നിരവധി നാടക സമിതികളുടെ നാടകങ്ങളിൽ സാവിത്രി നായികയായി.
മണിമാഷ്