
19/07/2024
ഉത്തരകന്നഡത്തിലെ അങ്കോളയിലെ ഷിരൂരിൽ ചൊവ്വാഴ്ച ഉണ്ടായ മണ്ണിടിച്ചിലിൽ ലോറിക്കുള്ളിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജ്ജുനെ രക്ഷപെടുത്തുവാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുക. രക്ഷാപ്രവർത്തനങ്ങൾക്ക് ആധുനിക സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ ഒരു മനുഷ്യൻ തന്റെ ജീവന് വേണ്ടി കഴിഞ്ഞ നാല് ദിവസമായി മണ്ണിനടിയിൽ കിടക്കുക എന്നത് എന്ത് ദൗർഭാഗ്യകരമാണ്. ഇന്ത്യയുടെ സാമ്പത്തിക മേഖലക്ക് ഉയർന്ന സംഭാവനചെയ്യുന്ന ട്രാൻസ്‌പോർട് മേഖലയിൽ പ്രവർത്തിക്കുന്ന ഡ്രൈവർമാരെ കേവലം രണ്ടാംകിട പൗരന്മാരായി കാണുന്ന ഭരണവർഗ്ഗത്തിന്റെ നിഷേധാത്മകനിലപാടാണ് ഇത്തരം കെടുകാര്യസ്ഥതക്ക് കാരണം.
തികച്ചും മന്ദഗതിയിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾ ഒരു മനുഷ്യജീവന്റെ വിലയെ മാനിച്ച് കേന്ദ്ര-കർണാടക സർക്കാരുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുവാൻ ഇനിയും താമസം വരുത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ ആവില്ല.ഒരു സാധാരണ മനുഷ്യന്റെ ജീവനോട് സർക്കാരുകൾ കാണിക്കുന്ന ഇത്തരം അലംഭാവം ഒരു ജനാധിപത്യരാജ്യത്തിന് ഭൂഷണമല്ല. പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടുള്ള അർജുന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നു.