15/08/2019
പ്രളയകാലത്തെ യാത്രാ ചിന്തകൾ !
ദുരിത കാലമായ ഈ പ്രളയകാലത്ത് എന്ത് യാത്രാ ചിന്തകൾ എന്നായിരിക്കും ചിന്തിച്ചു കൊണ്ടിരിക്കുന്നത് അല്ലെ ? ദുരിത കാലത്ത് പറയാൻ പറ്റിയ കഥ തന്നെയാണിത്. തുടർന്ന് വായിക്കാൻ പറ്റിയ കഥ; ഓരോ യാത്രക്കാരനും വായിച്ചിരിക്കേണ്ട കഥ.
1) "ഹലോ - ട്രാവൽസ് അല്ലേ ? ഞാൻ എയർപോർട്ടിൽ പെട്ടു പോയി ഓൺലൈനിൽ എടുത്ത ടിക്കറ്റ് ആണ്. എന്തെങ്കിലും ചെയ്യാൻ പറ്റോ ? "
2) "ഹലോ ട്രാവെൽസ് അല്ലേ ? കൊച്ചി എയർപോർട്ട് ക്ലോസ് ചെയ്തു എന്ന് കേൾക്കുന്നു. ഓൺലൈനിൽ എടുത്ത ടിക്കറ്റ് ആണ്. ഡേറ്റ് ചേഞ്ച് ചെയ്യാൻ പറ്റോ ?"
3) "ഹലോ ട്രാവെൽസ് അല്ലെ ? എയർപോർട്ട് അടച്ചല്ലോ ? കൊച്ചിയിലേക്ക് എടുത്ത ടിക്കറ്റ് ഇനി എന്താ ചെയ്യേണ്ടത് ? ഓൺലൈനിൽ എടുത്ത ടിക്കറ്റ് ആണ്."
4)" ട്രാവെൽസ് അല്ലേ ? കസ്റ്റമർ സർവിസിൽ വിളിച്ചു ഫോൺ എടുക്കുന്നില്ല. കൊച്ചി എയർപോർട്ട് ക്ലോസ് ആണല്ലോ.... ഓൺലൈനിൽ എടുത്ത ടിക്കറ്റ് ആണ്."
5) "കസ്റ്റമർ സർവിസിൽ 3 മണിക്കൂറിൽ അധികമായി ഹോൾഡ് ചെയ്യുന്നു. ഞാൻ എന്താ ചെയ്യുക ? ഞാനും കുടുംബവും അടക്കം 6 അംഗങ്ങൾ ഉണ്ട്. ഞങ്ങളുടെ അവധിയും, പെരുന്നാളും കുളമായി എന്ന് തോന്നുന്നു... ഓൺലൈനിൽ ഏറ്റവും കുറഞ്ഞ നിരക്ക് നോക്കി എടുത്തതാ ... അവർ ഒരു ഉത്തരവാദിത്തവും കാണിക്കുന്നില്ല."
7) "ഹലോ Travels അല്ലേ ? ഓൺലൈനിൽ എടുത്ത ടിക്കറ്റ് നിങ്ങൾക്ക് മാറ്റാൻ പറ്റോ ?"
8) ട്രാവെൽസ് അല്ലേ ? Skyscanner എന്ന വെബ്സൈറ്റ് നോക്കി ഏറ്റവും കുറഞ്ഞ നിരക്ക് എടുത്തപ്പോൾ ഓൺലൈൻ ഏജൻസിയുടെ അഡ്രസ് പോലും നോക്കിയില്ല. ഇപ്പോൾ ഞങ്ങൾ ദുബൈയിൽ ആണ്. വെബ്സൈറ്റിൽ അവരെ ബന്ധപ്പെടാനുള്ള ഒന്നും കാണുന്നില്ല . ഞങ്ങൾ എല്ലാവരുടെയും ടിക്കറ്റ് ചാര്ജ് 2 ലക്ഷത്തിൽ അധികം വരും. നിങ്ങളുടെ സർവീസിന്റെ വില ശരിക്കും ഇപ്പോൾ മനസ്സിലായി. ചെറിയ ലാഭത്തിന് വേണ്ടി വലിയ റിസ്ക് എടുത്തു... തെറ്റ് പറ്റിപ്പോയി .... "
സുഹൃത്തുക്കളെ, ഒരു ട്രാവൽ ഏജൻറ ന് കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയ ഒരുപാട് ഫോൺ കോ ളുകളിൽ പ്രസക്തമായവയാണിവ... ഇത് പോലയുള്ളവ ഇനിയും ഒരുപാടുണ്ട്.
രണ്ടാം പ്രളയം കഴിഞ്ഞ കുറെ ദിവസങ്ങളിൽ നമ്മുടെ ഒക്കെ ജീവിത ക്രമങ്ങളുടെ താളം പല വിധത്തിലാണ് നഷ്ടപ്പെടുത്തിയത്. നാം പലരും ആ വലിയ ആഘാതത്തിൽ നിന്നും മോചിതരായി കൊണ്ടിരിക്കുന്നതേയുള്ളൂ.
ജീവിതത്തിൽ അപ്രതീക്ഷിത തിരിച്ചടികളുണ്ടാകുന്നത് സ്വാഭാവികം മാത്രം. എന്നാൽ നമ്മുടെ സൂക്ഷ്മതകുറവും, കരുതലിന്റെ അഭാവവും, താത്കാലിക ലാഭേഛാഭ്രമവും, ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള ഉപേക്ഷയും നിമിത്തം പ്രയാസങ്ങൾ ഉണ്ടാകുന്നു എങ്കിൽ അതിന് കാരണക്കാർ നമ്മൾ തന്നെയാണ്. യാതൊരു സംശയവും അക്കാര്യത്തിലില്ല.
നിങ്ങൾ ഒരു ട്രാവൽ ഏജന്റിനെ സമീപിക്കുന്നത് എപ്പോഴാണ് ? നിങ്ങൾ ഒരു ട്രാവൽ ഏജന്റിൽ നിന്നും പ്രതീക്ഷിക്കുന്നതെന്താണ് ? നിങ്ങളുടെ കയ്യിലുള്ള കുറെ വിലകളുടെ താരതമ്യം ആണോ ? എങ്കിൽ നിങ്ങൾക്ക് ഉചിതമായിട്ടുള്ളത് ട്രാവൽ ഏജൻസി അല്ല, മറിച്ചു ഓൺലൈൻ വെബ്സൈറ്റുകൾ തന്നെയാണ്. സംശയം ലവലേശമില്യ.
കാരണം, ട്രാവൽ ഏജൻസികൾക്ക് കുറഞ്ഞ വിലയുടെ പുറകിൽ മാത്രം സഞ്ചരിക്കാൻ കഴിയില്ല. ഉത്തരവവാദിത്വത്തോടെ നാളെയും തങ്ങളുടെ ഉപഭോക്താവിനെ നേരിടേണ്ടതുണ്ട്. ഒരു ട്രാവൽ ഏജൻറ് മാർക്കറ്റിൽ ലഭ്യമായ ശരിയായ വിലയിൽ തങ്ങളുടെ മിതമായ ലാഭം എടുത്ത്, ശരിയായ സേവന മനസ്ഥിതിയോടെ പ്രവർത്തിക്കുമ്പോൾ, ഓൺലൈൻ വെബ്സൈറ്റുകൾ SEO യുടെ ഭാഗമായി കുറഞ്ഞ വില ആദ്യ സെർച്ചിൽ ലഭ്യമാക്കുവാൻ നിലവിൽ വിറ്റഴിഞ്ഞ ക്ലാസ്സുകളിലെ വില പ്രദർശിപ്പിച്ച് കസ്റ്റമേഴ്സിനെ പലപ്പോഴും കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു സാധാരണക്കാരനായ യാത്രക്കാരൻ മനസ്സിലാക്കാതെ പോകുകയാണ് പലപ്പോഴും.
ട്രാവൽ ഏജൻസികൾക്ക് ഓൺലൈൻ സൈറ്റുകൾ നിലനിൽപ്പിന് ഭീഷണി അല്ലതന്നെ;
ട്രാവൽ ഏജൻസി അനുഭവങ്ങൾ കൊണ്ട് വർഷങ്ങൾ പരിചയമുള്ള ട്രാവൽ ഏജൻസികളുടെ നിലനിൽപിന്റെ പ്രശ്നങ്ങൾ കൃത്യമായി അറിയാം. ഓൺലൈൻ ഏജൻസികളുമായുള്ള മത്സരം അവയിൽ ഒന്ന് മാത്രമാണ്. ഉത്തരവാദിത്വവും, ഗുണനിലവാരവും, വ്യക്തിഗതസേവനങ്ങളും ആഗ്രഹിക്കുന്ന ഒരുപാട് കസ്റ്റമേഴ്സ് താത്കാലിക ലാഭത്തേക്കാൾ ദീർഘവീക്ഷണത്തോടു കൂടിയ ഉന്നത നിലവാരത്തിലുള്ള ട്രാവൽ ഏജൻസി സേവനങ്ങൾ ആണ് ആഗ്രഹിക്കുന്നത്. അത് പലപ്പോഴും അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്നുമുണ്ട്. ട്രാവൽ ഏജൻസികളെ സംബന്ധിച്ചേടത്തോളം "ratio of repeated customers" അതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്; അതായത് നിലവിൽ സംതൃപ്തരായ കസ്റ്റമേഴ്സിന്റെ എണ്ണം കൂടിയ അളവിൽ ആണ് എന്നർത്ഥം. അതിൽ പലരും വ്യക്തിപരമായി സംവദിച്ചതിൽ നിന്നും മനസ്സിലായത്, ഓൺലൈനിൽ സംഭവിച്ച ഭീമാബദ്ധങ്ങളിൽ ആയിരങ്ങൾ നഷ്ടപ്പെട്ടവരുടെ കദനകഥകളാണ് ! വിരൽ തുമ്പത്തു ഓൺലൈൻ സേവനങ്ങൾ ഉണ്ടെങ്കിലും ഒരു ട്രാവൽ ഏജന്റിനെ സമീപിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നതും ഇത്തരം കാരണങ്ങൾ കൊണ്ടാണ്.
നമുക്കറിയാം, Zomato, ubereats, swiggy തുടങ്ങിയ ഓൺലൈൻ Restaurant ഏജൻസികൾ - ഇവർ പാരമ്പര്യ ഹോട്ടലുകളിൽ നിന്നും ഭക്ഷണം വാങ്ങി, അവരുടെ മാർക്കറ്റ് കീഴടക്കലിന്റെ ഭാഗമായി അവരെക്കാൾ കുറഞ്ഞ നിരക്കിൽ വിൽക്കുന്നു. ഈ കുറഞ്ഞ വില നില നിൽക്കുമ്പോൾ തന്നെ വലിയ പാരമ്പര്യ restaurant കളെതന്നെയാണ് ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത് എന്ന് ഓർക്കുക. ആമസോൺ തുടങ്ങിയ പോർട്ടലുകൾ വൻ ഓഫറുകൾ തുടരുമ്പോൾ തന്നെയാണ് ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങി നമ്മുടെ നാട്ടിൽ ചെറുകിട കച്ചവടങ്ങളും നിലനിക്കുന്നത് എന്നോർക്കണം. ട്രാവൽ ഏജൻസികൾക്ക് മാത്രമല്ല ഓൺലൈൻ വിൽപ്പനക്കാരെ നേരിടേണ്ടി വരുന്നത് എന്നർത്ഥം.
ചിലർക്ക് ഓൺലൈൻ ഏജൻസികൾ എന്നത് , വർഷങ്ങളുടെ നല്ല സേവന പാരമ്പര്യമുള്ള ട്രാവൽ ഏജൻസികളെക്കാൾ വലിയ സംഭവം ആയി തോന്നാറുണ്ട്. രജിസ്റ്റർ ചെയ്ത ഓഫീസ് പോലും ഇല്ലാതെ ഒരു വെബ്സൈറ്റ് മാത്രം ഉപയോഗിച്ച്, മാർക്കറ്റിൽ ലഭ്യമല്ലാത്തതും, സത്യസന്ധമല്ലാത്തതും, പ്രായോഗികമല്ലാത്തതുമായ വില നൽകി കസ്റ്റമേഴ്സിനെ ആകർഷിക്കാറുണ്ട് ചില പോർട്ടലുകൾ. ചിലർ അത്തരം ആകർഷണ വലയങ്ങളിൽ വീണു പോകുന്നു. അങ്ങനെ ലഭിക്കുന്ന വിലയും പൊക്കിപിടിച്ചു ട്രാവൽ ഏജൻസികൾ കയറി ഇറങ്ങുന്ന പലരെയും കാണാൻ ഇടയായിട്ടുണ്ട്. അവസാനം ചിലർ പരിഭവിച്ചു ചോദിച്ചു കളയും "ഓൺലൈൻ പോർട്ടലുകൾ ഉണ്ടായത് കൊണ്ട് നിങ്ങൾക്ക് ഒരു കച്ചവടവും ഇല്ല അല്ലെ എന്ന്" അറിവും അനുഭവ ജ്ഞാനവും എല്ലാ മേഖലകളിലും എന്നപോലെ ട്രാവൽ സംബന്ധിയായ കാര്യങ്ങളിലും ബാധകമാണ് എന്നാണു ഇത്തരക്കാരോട് എളിയരീതിയിൽ പറയാനുള്ളൂ. പ്രത്യേകിച്ചു ഏതൊരു യാത്രയും വലിയ അനിശ്ചിതത്വങ്ങളുടെ കലവറയാണ്. ഭാഗ്യങ്ങളാണ് പലപ്പോഴും നമുക്ക് രക്ഷയാകുന്നത് എന്ന് ഇത്തരക്കാർ അറിയാതെ പോകുന്നു. വിവേകമുള്ളവരും, സമയത്തിനും മറ്റും വിലകല്പിക്കുന്നവരും ഭാഗ്യ നിർഭാഗ്യങ്ങളുടെ പുറകെ പോകാറില്ല. കൂടാതെ യാത്രാ നിരക്കുകൾ പലപ്പോഴും ആയിരങ്ങളുടെ വിലയുള്ളതാണ്; അതിൽ ഉണ്ടായേക്കാവുന്ന പത്തുകളുടെയോ, നൂറുകളുടെയോ ലാഭത്തേക്കാൾ വിശ്വാസ്യതയുടെ പുറകെ പോകുന്നവരാണ് ബുദ്ധിമാന്മാർ ! ഓരോ ട്രാവൽ ഏജൻസിയും എന്നാൽ അർഥം ഒരു കൂട്ടം ട്രാവൽ പ്രൊഫഷണലുകളുടെ ഏജൻസി എന്ന് കൂടെയാണ്. അവർക്കു മണിക്കൂറുകളിലും മിനിട്ടിലും മാറി മറിയുന്ന ട്രാവൽ മാർക്കറ്റ്നെ പറ്റിയും, നിരക്കുകളെ പറ്റിയും നല്ല അവഗാഹം ഉണ്ടായിരിക്കും. കാരണം അവരുടെ ജീവിതത്തിൽ കൂടുതൽ സമയം ചിലവഴിക്കപ്പെടുന്ന മേഖലയാണിത്; അതിലുപരിയായി അവരുടെ ജീവനോപാധിയാണ്. ഓരോ ട്രാവൽ ഏജന്റും ആ മേഖലയെ കാണുന്നത് തങ്ങളുടെ അഭിനിവേശം (പാഷൻ) ആയാണ്.
പറഞ്ഞു വന്നത് നിങ്ങൾ ട്രാവൽ ഏജൻറ് നൽകുന്ന വില കണ്ണടച്ച് വിശ്വസിച്ചും കൊണ്ട് യാത്രാ സേവനങ്ങൾ ട്രാവൽ ഏജൻസി വഴി ചെയ്താലേ നിങ്ങളുടെ യാത്ര ശരിയാകൂ എന്നല്ല; മറിച്ചു ഓൺലൈൻ ഏജൻസികളെ കണ്ണടച്ച് വിശ്വസിച്ചു ആയിരക്കണക്കിന് ട്രാവൽ ഏജൻസികളെ അറിഞ്ഞോ അറിയാതെയോ തള്ളിപ്പറയുന്നതിനെയാണ്; അവരുടെ സേവനങ്ങളെ കാണാതെ പോകുന്നതിനെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒരുപാട് യാത്രക്കാരുടെയും, എയർപോർട്ടിൽ കുടുങ്ങിയവരുടെയും യാത്രകൾ ശരിയാക്കാൻ ഉറക്കമിളച്ചവർ ആണ് ട്രാവൽ ഏജൻസി ജീവനക്കാർ. ഇനിയുള്ള ദിവസങ്ങളിലും പ്രളയം മൂലം തങ്ങൾക്കുണ്ടായ നഷ്ടങ്ങളുടെ കണക്കുകൾക്കൊപ്പം തന്നെ തങ്ങളുടെ കസ്റ്റമേഴ്സിന്റെ കാന്സല് ചെയ്യപ്പെട്ട ടിക്കറ്റുകൾ പൂർണതയോടെ റീഫണ്ട് ചെയ്യപ്പെടാൻ airline അക്കൗണ്ടസുമായും, മാനേജരുമായും മല്ലിടേണ്ട സ്ഥിതിവിശേഷം ആണ് ഉണ്ടായിട്ടുള്ളത്. പല തരത്തിലുള്ള എയർലൈനുകൾ, പലതരം റീഫണ്ട് പോളിസികൾ, ഇതിനിടയിൽ കസ്റ്റമർ സംതൃപ്തരാകും വിധം റീഫണ്ട് പ്രോസസ്സ് ചെയ്തു നൽകുക എന്നത് ഒരു കീറാമുട്ടി തന്നെയാണ്.
സുഹൃത്തുക്കളെ, കഴിഞ്ഞ ദിവസങ്ങളിലെ ചില അനുഭവങ്ങൾ വെച്ച് സാധാരണക്കാരായ യാത്രക്കാരുടെ അറിവിലേക്കാണ് ഈ കുറിപ്പ്. ഇത്തരം കാര്യങ്ങൾ പലപ്പോഴും മാന്യ ഉപഭോക്താക്കൾ അറിയാതെ പോകുന്നു എന്നുള്ളതാണ് വാസ്തവം.
നിങ്ങളുടെ യാത്ര സംബന്ധിയായ ഏതു ആവശ്യങ്ങൾക്കും എപ്പോഴും ഞങ്ങൾ കൂടെയുണ്ടാകും.
സ്നേഹത്തോടെ, വിശ്വാസത്തോടെ,