29/07/2026
ഞാൻ ഇനി പറയാൻ പോകുന്നത് അയ്ദ്രുമാനിക്കാനെ കുറിച്ചാണ്, ഏത് അയ്ദ്രുമാൻക്ക എന്ന് മാത്രം അന്വേഷിക്കരുത്. ഒരാറടി പൊക്കവും, ഒന്നെക്കാൽ കിന്റൽ ഇറച്ചിയും, ഒരു വൈക്കം മുഹമ്മദ് ബഷീർ മോഡൽ കട്ടി കണ്ണടയും ഉള്ള അയ്ദ്രുമാനിക്കാനേ ഇങ്ങൾ മനസ്സിൽ ആലോയിച്ചോളി.. കോവിഡ് കാലത്ത് പേടിച്ചു വിറച്ചു വീട്ടിൽ ഒതുങ്ങി കൂടാൻ വിധിക്കപ്പെട്ട അയ്ദ്രുമാൻക്ക അന്ന് മനസ്സിൽ ഉറപ്പിച്ചതാണ്, “ഇനി എന്നെങ്കിലും പുറത്തേക്ക് പഴയത് പോലെ ഇറങ്ങി നടക്കാൻ യോഗം ഉണ്ടെങ്കിൽ കിട്ടുന്ന പൈസയിൽ നിന്ന് കുറച്ചെങ്കിലും മാറ്റി വെച്ചു ലോകം കാണാൻ ഇറങ്ങണം, ജീവിതം ആസ്വദിക്കണം” എന്നത്. ഞാൻ അറിഞ്ഞിടത്തോളം ഭൂരിപക്ഷ മലയാളികളും അയ്ദ്രുമാനിക്കന്റെ ഇതേ തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ട്. അങ്ങനെയാണ് ഇന്നീ കാണുന്ന രീതിയിൽ മലയാളി ടൂറുകളുടെ എണ്ണം പെരുകുന്നത്.
അങ്ങനെ മൂന്നോ, നാലോ കൊല്ലം കൂടുമ്പോൾ അയ്ദ്രുമാനിക്കാ സ്വരൂപ്പിച്ചു വെച്ച പൈസ കൊണ്ട് വിദേശ യാത്രകൾ പോകുവാൻ തുടങ്ങി. വലിയ ദൂരത്തു ഒന്നും അല്ല, നമ്മളെ മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം, ശ്രീലങ്ക എന്നിവടെയൊക്കെയെ മൂപ്പർ ഇത് വരെ എത്തിയിട്ടുള്ളു (അതിനുള്ള ബഡ്ജറ്റേ മൂപ്പരുടെ കയ്യിൽ ഉള്ളൂ എന്നും പറയാം). ബഡ്ജറ്റ് കുറവായത് കൊണ്ട് തന്നെ ട്രാവൽ ഇൻഷുറൻസ് എന്ന് കേൾക്കുന്നത് തന്നെ മൂപ്പർക്ക് അലർജിയാണ്. മൂപ്പർ മാത്രം അല്ല, പച്ച മലയാളം സംസാരിക്കുന്ന പലരും അങ്ങനെ തന്നെ. ആ കായ്ക്ക് ഒരീസം മുഴുവൻ പള്ള നിറച്ചു ഭക്ഷണം കഴിച്ചൂടെ ? എന്നതാണ് മൂപ്പരുടെ മറു ചോദ്യം!! സംഗതി സത്യാണ്, പക്ഷേ ഈ പോവുന്നോടുത്തു ഒന്നും ധർമ്മാശുപത്രി ഇല്ലാത്തോണ്ട്, ഒരു പല്ല് വേദന വന്നാൽ പോലും ‘പൊരേലെ’ സ്കൂട്ടർ വിക്കേണ്ടി വരും കാക്കേയ് എന്ന് പറഞ്ഞിട്ടും മൂപ്പർക്ക് ഒരു കൂസലും ഇല്ല.
കയിഞ്ഞോസം മൂപ്പർ ഓഫീസിൽ വന്നപ്പോൾ മുഖത്ത് ഒരു തെളിച്ചം ഇല്ല. ഒരു മൂഡ് ഔട്ട്.. അല്ല കാക്കേയ് എന്ത് പറ്റി? ചെറിയൊരു പ്രശ്നം ണ്ട്..
എന്ത് പറ്റി ??
അബുദാബി വഴി പോയപ്പോൾ മൂപ്പരെ പെട്ടി ഒന്ന് മിസ്സായി.. കംപ്ലയിന്റ് കൊടുത്തിട്ടുണ്ട്, കിട്ടുമായിരിക്കും..
ഞാൻ പറഞ്ഞു, “അത് മിക്കവാറും ഒരാഴ്ച്ചോണ്ട് തിരിച്ചു കിട്ടും, ഇങ്ങൾ ബേജാറാവണ്ട”. ചെറിയൊരു ആശ്വാസം മുഖത്തു കണ്ടപ്പോൾ ഞാൻ ചായ പാർന്ന്.. എന്നിട്ട് ചെറിയ ശബ്ദത്തിൽ “അന്ന് ഞാൻ പറഞ്ഞത് കെട്ടീന്നെങ്കിൽ ഒരു 500 ഡോളർ എങ്കിലും ഇപ്പൊ ഇൻഷുറൻസ് ക്ലെയിം ചെയ്യായിരുന്നു.” കാര്യം മനസിലായ പോലെ മൂപ്പർ ഒന്ന് അമർത്തി മൂളി..
വാൽ കഷ്ണം: നമ്മളിൽ പലരും കൈയിൽ കുറേ കാശ് ഉള്ളത് കൊണ്ടല്ല ടൂർ പോകുന്നത്, അതിൽ നിന്ന് കിട്ടുന്ന ചെറിയ സന്തോഷം.. ടെൻഷൻ പിടിച്ച ജീവിതത്തിൽ നിന്ന് കുറച്ചു ദിവസത്തേക്ക് ഒരു escape.. അത്രേ ഉള്ളൂ ഉദ്ദേശം.. പക്ഷേ നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ഈ യാത്രയിൽ അവിചാരിതമായി എന്തെങ്കിലും ഒന്ന് സംഭവിച്ചാൽ? ? കാര്യങ്ങൾ മിക്കവാറും നമ്മുടെ കൈ വിട്ട് പോകും, ചെലവൊപ്പിക്കാൻ കൈയിലെ സമ്പാദ്യം പോരാതെ വരും. ഇത്തരം സാഹചര്യം ഒഴുവാക്കാൻ ആണ് ട്രാവൽ ഇൻഷുറൻസ്. ചെറിയ പ്രീമിയം അടച്ചാൽ, നമ്മുടെ യാത്രകളിൽ വന്നേക്കാവുന്ന ചെറിയ നഷ്ടങ്ങൾ, അസുഖം, മരണം മൂലം ഒക്കെ ഉണ്ടായേക്കാവുന്ന ഭീമമായ ചെലവുകൾ എല്ലാം അത് കവർ ചെയ്തോളും.. അയ്ദ്രുമാൻക്ക പറയുമ്പോലെ ഒരീസം പള്ള നിറച്ചു തിന്നാനുള്ള കായ് ചെലവായാലും, സമാധാനത്തോടെ നമ്മുടെ യാത്ര ആസ്വദിക്കാം