08/07/2024
ഒരുപാട് പേർ കല്യാണം കഴിച്ചിട്ടുണ്ട് എന്നാൽ വളരെ കുറച്ചു പേർക്ക് മാത്രമേ ജീവിതപങ്കാളിയെ ലഭിച്ചിട്ടുള്ളൂ...
ചുറ്റുമുള്ളവരുടെ ജീവിതത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ മതി, നമുക്ക് മനസ്സിലാവും എത്ര പേർക്ക് ജീവിത പങ്കാളിയെ ലഭിച്ചിട്ടുണ്ട് എന്ന്. കല്യാണം കഴിച്ചു എന്നത് എന്തോ വലിയ മഹത്തരമായി പറയുന്നവർക്ക് ഉറപ്പിച്ചു പറയാൻ കഴിയുമോ നിങ്ങൾക്ക് ഒരു 'ജീവിത പങ്കാളിയെ ' ലഭിച്ചു എന്ന്?
കുറച്ചു നാൾ മുൻപ് പ്രിയപ്പെട്ട കലാകാരി മേതിൽ ദേവിക ഒരു ഇന്റർവ്യൂവിൽ പറയുകയുണ്ടായി,
കൂടെ ആളുകൾ ഉണ്ടെന്നേ ഉള്ളൂ, പലരും ഒറ്റയ്ക്ക് തന്നെയാണ് എന്ന്.
വിവാഹം കഴിച്ചിട്ടും എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് തന്നെ ചെയ്യേണ്ടി വരുന്നവർ നിരവധിയാണ്.
ഒറ്റയ്ക്ക് തന്നെ അടുക്കളയിൽ കഷ്ടപ്പെടുക, ഒറ്റയ്ക്ക് തന്നെ യാത്ര പോവുക, പേരിനു മാത്രം ഒരു ഭാര്യ/ഭർത്താവ്. ഓരോരുത്തരും അവരവർക്ക് തോന്നുന്ന വഴിയിൽ. ഇവിടെ പങ്കു വയ്ക്കപ്പെടുന്ന ഒന്നും തന്നെയില്ല എന്ന് വ്യക്തമാകും. കുട്ടികളുടെ കാര്യം നോക്കാനും അവരെ രാവിലെ എഴുന്നേൽപ്പിച്ചു റെഡി ആക്കി സ്കൂളിൽ വിടാനും വൈകീട്ട് ഹോംവർക്ക് ചെയ്യിക്കാനും എല്ലാം ചെയ്യുന്നത് ഒരാൾ മാത്രം.
എല്ലാ ജോലിയും ഒരാളുടെ മാത്രം ഉത്തരവാദിത്തമായി മാറുന്നു. മിക്കവാറും എല്ലാരും വിവാഹം കഴിക്കാൻ മടിക്കുന്നതും ഇത് കൊണ്ടൊക്കെ തന്നെയാണ്. ഒരു തരത്തിലും സപ്പോർട്ട് ചെയ്യാൻ തയ്യാറാകാത്ത ഒരു വ്യക്തി എന്തിനാണ് നമ്മുടെ ജീവിതത്തിൽ?
വിവാഹം ഒരു കൂട്ടുത്തരവാദിത്തമാണ്. ചുമതലകൾ പങ്ക് വയ്ക്കപ്പെടണം, ചർച്ചകൾ, തുറന്ന സമീപനങ്ങൾ ഉണ്ടായിരിക്കണം. വിവാഹം കഴിച്ചിട്ടും സ്വയം ഒറ്റയ്ക്ക് ആകാനും ജീവിതത്തിൽ കൂടെ കൂട്ടിയ വ്യക്തിയെ ഒറ്റയ്ക്ക് വിടാനുമാണ് ആഗ്രഹമെങ്കിൽ വിവാഹം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്.
നിങ്ങൾക്ക് ഭാര്യയെയോ ഭർത്താവിനെയോ കിട്ടാൻ വേണ്ടിയല്ല, ഒരു ജീവിത പങ്കാളിയെ കിട്ടാൻ വിവാഹത്തിനൊരുങ്ങുക.