03/08/2026
നിങ്ങൾ അറിയാൻ✅
പമ്പ..
പത്തനംതിട്ടക്കാർക്ക് കേൾക്കുമ്പോൾ ഒരുപോലെ ആശ്വാസവും ഭയവും തോന്നുന്ന നദി.
ആറ് വർഷം മുൻപ് ഒരു ആഗസ്റ്റ് മാസത്തിൽ പമ്പ കലിതുള്ളി പാഞ്ഞെത്തിയപ്പോൾ വാസസ്ഥലവും ഉറ്റവരെയും നഷ്ടപ്പെട്ട നിരവധി ആളുകൾ, അത്കൊണ്ട് തന്നെ മഴയെത്തിയാൽ പത്തനംതിട്ടക്കാരുടെ കണ്ണ് എപ്പോഴും പമ്പയിലാണ്. തെക്കൻ കേരളത്തിൽ മറ്റ് ഏത് നദികളെക്കാളും ജലം വഹിക്കുന്ന പമ്പയുടെ വൃഷ്ടി പ്രദേശം അതിവിശാലമാണ്.
കുറച്ച് കാര്യങ്ങൾ പമ്പയെക്കുറിച്ച് എഴുതുന്നു തെറ്റുള്ളത് ദയവായി തിരുത്തുക🙏🏼
പമ്പ കേൾക്കുമ്പോൾ പുണ്യ നദി, ശബരിമല എന്നീ കാര്യങ്ങളാണ് കൂടുതൽ പേരിലും ആദ്യം തന്നെ ഓടിയെത്തുക
0️⃣പമ്പയുടെ തുടക്കം ശബരിമല കാടുകളിൽ തന്നെ. ശബരിമല കാടുകൾക്ക് മുകളിൽ പശ്ചിമഘട്ടത്തിലെ പീരുമേട് പീഠഭൂമിയിലെ പുലച്ചിമല മലയിൽ നിന്നാണ് പമ്പയുടെ തുടക്കം എന്നാണ് രേഖകളിൽ , തുടർന്ന് പമ്പ റിസർവോയറിലെത്തി റാന്നി റിസർവ്വ് വനത്തിലൂടെ താഴേക്ക് ഒഴുകി ഗവിയാർ, കുള്ളാർ, മീനാർ എന്നിവരെ കൂട്ട്പിടിച്ച് അപ്പാച്ചിമേടിന് സമീപത്ത് കൂടി പമ്പ ത്രിവേണിയിൽ എത്തുന്നു ഇവിടെ വച്ച് കക്കി റിസർവോയറിൽ നിന്ന് പുറത്ത് വരുന്ന കക്കിയാറുമായി ചേരുന്നു
1️⃣KSEB യുടെ ശബരിഗിരി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിരിക്കുന്നു കക്കി റിസർവോയർ പ്രദേശം അതിവിശാലമാണ് , വർഷം മുഴുവൻ മഴ ലഭിക്കുന്ന ഒരു സ്ഥലമാണ് കക്കി ഡാമിന്റെ വൃഷ്ടിപ്രദേശം എന്നാണ് രേഖകളിൽ , കക്കിയാർ തടഞ്ഞു നിർത്തിയാണ് കക്കി റിസർവ്വോയറിന്റെ നിർമ്മാണം , കക്കിയാർ ആരംഭിക്കുന്നത് പശ്ചിമഘട്ടത്തിൽ കേരള-തമിഴ്‌നാട് അതിർത്തിയിൽ നിന്നാണ്, ഈ കക്കി റിസർവോയറിലെ വെള്ളം പെൻസ്റ്റോക്ക് പൈപ്പുകൾ വഴി മൂഴിയാർ പവർസ്റ്റേഷനിൽ എത്തുന്നു, ബാക്കിയുള്ള ജലമാണ് കക്കിയാറായി ഒഴുകി പമ്പ ത്രിവേണിയിൽ എത്തുന്നത്
പമ്പ ത്രിവേണിയിൽ വച്ച് പമ്പ ശക്തനാകുന്നു തുടർന്ന് പമ്പ ക്യാമ്പിനു താഴ് വശത്ത് കൂടി ഞുണങ്ങാറിനെ കൂട്ട്പിടിച്ചു വനത്തിലൂടെ ഒഴുകി മണ്ണാറക്കുളഞ്ഞി -ചാലക്കയം ശബരിമല പാതയ്ക്ക് അരികിൽ കൂടി ഒഴുകി വീണ്ടും വനത്തിലുള്ളിലൂടെ തുലാപ്പള്ളിക്ക് അടുത്ത് വച്ച് എരുമേലി -പമ്പ പാതയ്ക്ക് സമാന്തരമായി കണമല യിൽ എത്തുന്നു
2️⃣കണമലയിൽ വെച്ചാണ് അഴുതയാർ പമ്പയുമായി ചേരുന്നത്
പമ്പയുടെ പോഷകനദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന പോഷകനദികളിൽ ഒന്നാണ് അഴുത , പീരുമേട് പീഠഭൂമിയിൽ തന്നെ പീരുമേട്ടിൽ നിന്ന് തന്നെ ഉത്ഭവിക്കുന്ന അഴുതയിൽ നിന്ന് ജലം ഇടുക്കി റിസർവോയറിലേക്ക് കൊണ്ട് പോകാനായി KSEB Diversion Dam നിർമ്മിച്ചിട്ടുണ്ട്. തുടർന്ന് പീരുമേട് ചുറ്റിയൊഴുക്കുന്ന അഴുത
പീരുമേട് പാലത്തിനടിയിലൂടെ കൊല്ലം തേനി (NH 183) ദേശീയപാത മുറിച്ച് കടന്ന്, ദേശീയപാതയ്ക്ക് അരികിലൂടെ അനവധി കൈവഴികളെ കൂട്ട് പിടിച്ച് പരുന്തുംപാറ ടൂറിസം കേന്ദ്രത്തിന് താഴ്വാരത്ത് കൂടി വനത്തിലൂടെ ഒഴുകി പാഞ്ചാലിമേടിന്റെയും കണയങ്കവയലിന്റെയും കിഴക്കൻ മലനിരകളിലൂടെ ഒഴുകി കോരുത്തോടിനടുത്ത് വെച്ച് കോരുത്തോട് -കണമല പാതയ്ക്ക് സമാന്തരമായി ഒഴുകി, ശബരിമല പരമ്പരാഗത നടപ്പാത മുറിച്ച് കടന്ന്
കണമലയിൽ വെച്ച് പമ്പയിൽ ചേരുന്നു. പീരുമേട്ടിൽ ഒരു കുഞ്ഞൻ ഡാം ഉള്ളത് ഒഴിച്ചാൽ ഈ വഴിയിൽ വേറെ ഡാമുകളില്ല, അതായത് പീരുമേട് പീഠഭൂമിയുടെ ഒരു ഭാഗത്ത് പെയ്യുന്ന മഴ മുഴുവൻ മലമുകളിൽ നിന്ന് കുതിച്ച് വനത്തിലൂടെ കണമലയിലെത്തി പമ്പയിൽ ചേരും 👍
അഴുതയുമായി ചേർന്ന് കൂടുതൽ കരുത്തനായ പമ്പ മുന്നോട്ട് ഒഴുകി പെരുന്തേനരുവിയിലെത്തുന്നു ഇവിടെ KSEB ഡാം പണിതിട്ടുണ്ട്, അതിനു താഴെയാണ് പെരുന്തേനരുവി വെള്ളച്ചാട്ടം, തുടർന്ന് അത്തിക്കയം വഴി
പെരുനാട്ടിൽ എത്തുന്നു.
3️⃣ഇവിടെ വെച്ചാണ് കക്കാട്ടർ പമ്പയിൽ ചേരുന്നത്
കക്കാട്ടാർ
ശബരിഗിരി പദ്ധതിയുടെ ഭാഗമായ കക്കി റിസർവോയറിൽ നിന്ന് പെൻസ്റ്റോക്ക് വഴി കൊണ്ട് വരുന്ന ജലം മൂഴിയാർ പവർ സ്റ്റേഷനിൽ വെദ്യുതി ഉത്പാദിപ്പിച്ചതിന് ശേഷമുള്ള ജലവും കൈവഴികളിൽ നിന്നുള്ള ജലവും മൂഴിയാർ അണക്കെട്ടിൽ സംഭരിക്കുന്നു
ഇവിടെ നിന്ന് പുറപ്പെടുന്ന കക്കാട്ടാർ ഗവിയുടെ കവാടമായ ആങ്ങമൂഴിയിൽ എത്തുകയും ആങ്ങമൂഴി ചിറ്റാർ റോഡരികിലൂടെ ഒഴുകി സീതത്തോട്ടിൽ എത്തുന്നു ഇവിടെ വച്ച് മൂഴിയാറിൽ നിന്നുള്ള ജലം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കക്കാട് പവർസ്റ്റേഷനിൽ നിന്നുള്ള ജലത്തെയും സ്വീകരിച്ച് ചിറ്റാറിനടുത്തുള്ള ഒരു കുഞ്ഞൻ ഡാമിലെത്തുന്നു തുടർന്ന് ഒഴുകി മണക്കയം പാലം കടന്ന് മണിയാർ ഡാമിലെത്തുന്നു അവിടെ നിന്ന് ഒഴുകി റാന്നി പെരുനാട് പ്രോജക്റ്റിന്റെ ഡാമിലെത്തി,പെരുനാട്ടിൽ വച്ച് പമ്പയുമായി ചേരുന്നു
തുടർന്ന് കൂടുതൽ കരുത്തനായി,
വടശേരിക്കര ചാലക്കയം പാതയ്ക്ക് സമാന്തരമായി ഒഴുകി വടശേരിക്കരയിൽ എത്തുന്നു.
4️⃣ഇവിടെ വെച്ചാണ് കല്ലാർ പമ്പയിൽ ചേരുന്നത് , മഴക്കാലത്ത് നന്നായി ജലം വഹിക്കുന്ന പമ്പയുടെ മറ്റൊരു കൈവഴി. തണ്ണിത്തോടിന്റെ കിഴക്കൻ മലകളിൽ നിന്ന് ഉത്ഭവിക്കുന്ന കല്ലാർ പമ്പയ്‌ക്കുള്ള കോന്നിക്കാരുടെ സംഭാവനയാണ്. കിഴക്ക് നിന്ന് ഒഴുകി അടവി ടൂറിസം സെന്ററിൽ കൂടി ഒഴുകി (കുട്ടവഞ്ചി സവാരി കല്ലാറിൽ ആണ് ) ചെങ്ങറ ചുറ്റി കൈവഴികളെ കൂട്ട് പിടിച്ചു വടശേരിക്കര വച്ച് പമ്പയിൽ ചേരുന്നു.
വടശേരിക്കര വച്ച് പമ്പ ശരിക്കുമുള്ള പമ്പയായി മാറുന്നു എന്ന് പറയാം.
തുടർന്ന് റാന്നി ലക്ഷ്യമാക്കി ഒഴുകി ചെറുകോൽപുഴ, കോഴഞ്ചേരി, ആറന്മുള, ചെങ്ങന്നൂർ വഴി പാണ്ടനാട് വച്ച് രണ്ടായി പിരിഞ്ഞു മണിമലയുമായി ഒരാൾ ചേർന്ന്,ഒരാൾ വീണ്ടും ഒഴുകി വീയപുരത്തെത്തി അച്ഛൻകോവിലാറുമായി ചേർന്ന്,രണ്ട് കൈവഴികളും കുട്ടനാട് പാടശേഖരത്തിലൂടെ അനേകം കൈവഴികളായി മാറി വേമ്പനാട്ട് കായലിലെത്തുന്നു. 🛑
രണ്ടക്ഷരത്തിൽ ഒതുങ്ങുന്ന ചെറിയൊരു ആറല്ല പമ്പ.📍
(ക്രെഡിറ്റ്സ്:വിനോദ് ഓതറ)